തെലുങ്ക് 'പ്രേമലു'വിന് യുഎസിലും മികച്ച ഓപണിം​ഗ്; ഔദ്യോഗിക കണക്കുകള്‍ പുറത്ത്

Published : Mar 16, 2024, 05:37 PM IST
തെലുങ്ക് 'പ്രേമലു'വിന് യുഎസിലും മികച്ച ഓപണിം​ഗ്; ഔദ്യോഗിക കണക്കുകള്‍ പുറത്ത്

Synopsis

എസ് എസ് കാര്‍ത്തികേയയാണ് ചിത്രത്തിന്‍റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്

മലയാള സിനിമയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന മാസമായിരുന്നു ഫെബ്രുവരി. വ്യത്യസ്ത ഗണത്തില്‍ പെടുന്ന മൂന്ന് ചിത്രങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി തിയറ്ററുകളിലെത്തുക. അവ മൂന്നും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് മാത്രമല്ല, മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയാവുക. ഇതില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ഇതിനകം 100 കോടി പിന്നിട്ടിരുന്നു. ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് കഴിഞ്ഞ വാരവും തമിഴ് പതിപ്പ് ഈ വാരവുമാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ തെലുങ്ക് പതിപ്പിന്‍റെ യുഎസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ഔദ്യോഗികമായി പുറത്തെത്തിയിരിക്കുകയാണ്.

എസ് എസ് കാര്‍ത്തികേയയാണ് ചിത്രത്തിന്‍റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. അദ്ദേഹം പുറത്തുവിട്ട കണക്ക് അനുസരിച്ച് പ്രേമലു തെലുങ്ക് പതിപ്പ് യുഎസില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 2 ലക്ഷം ഡോളര്‍ ആണ്. അതായത് 1.65 കോടി രൂപ. ഒരു മലയാള ചിത്രത്തിന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് യുഎസില്‍ ഇത്രയും കളക്ഷന്‍ നേടുകയെന്നത് ആദ്യമാണ്. തെലുങ്ക് സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ തെലുങ്ക് റൈറ്റ്സ് വച്ച് നോക്കുമ്പോള്‍ ഇതുവരെയുള്ള കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം കാര്‍ത്തികേയയ്ക്ക് ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് തെലുങ്ക് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്.

റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നസ്‍ലെനും മമിതയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമാണ് തമിഴ്നാട് ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍. ചിത്രത്തിന്‍റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ചെന്നൈയില്‍ പ്രദര്‍ശനമുണ്ട്.

ALSO READ : മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി; 'തേരി മേരി'യുമായി ആരതി ഗായത്രി ദേവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു