
സമീപകാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് 'കാന്താര'. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് സെപ്റ്റംബര്‍ 30ന് ആയിരുന്നു തിയറ്ററുകളിലെത്തിയത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആയിരുന്നു നിർമ്മാണം. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ തിളങ്ങിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. ഇവിടങ്ങളിലും ഗംഭീര പ്രതികരണം തന്നെ റിഷഭ് ഷെട്ടി ചിത്രം നേടിയിരുന്നു. ഇന്നിതാ ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററുകളിൽ എത്തുകയാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയത്. ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുത്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താര എന്നായിരുന്നു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. കേരളത്തിൽ ഇന്ന് നൂറിലധികം തിയറ്ററുകളിലാണ് കാന്താര റിലീസ് ചെയ്യുന്നത്.
കര്‍ണാടകത്തില്‍ നിന്ന് മികച്ച ഓപണിംഗ് കാന്താര നേടിയിരുന്നു. ആദ്യ 11 ദിവസങ്ങളില്‍ നിന്ന് ചിത്രം 60 കോടി നേടിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'റോഷാക്കി'ൽ സീതയായി അമ്പരപ്പിച്ച ബിന്ദു പണിക്കർ; ലൊക്കേഷൻ വിട്ടറങ്ങുമ്പോൾ കണ്ണുനിറഞ്ഞ് നടി -വീഡിയോ