
ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം. ഇതായിരുന്നു 'സര്‍സമീൻ' എന്ന ചിത്രത്തിലേക്ക് മലയാളികളെ അടുപ്പിച്ച പ്രധാന ഘടകം. കാജോൾ നായികയായി വേഷമിട്ട ചിത്രം സൈനിക പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു ഫാമിലി ഇമോഷണൽ ഡ്രാമയെന്നാണ് ടീസർ നൽകിയ സൂചന. സര്‍സമീൻ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ടീസർ നൽകിയ സൂചന തന്നെയാണ് സിനിമയെന്നാണ് എക്സ് പ്ലാറ്റ്ഫോം റിവ്യൂകളിൽ നിന്നും വ്യക്തമാകുന്നത്. രാജ്യസ്‌നേഹത്തിൻ്റെ കെട്ടുറപ്പുള്ള കഥ എന്നാണ് സിനിമയെ പ്രശംസിച്ച് കൊണ്ട് പ്രേക്ഷകർ കുറിച്ചിരിക്കുന്നത്.
'വിദ്വേഷത്തിന് മേൽ സ്‌നേഹത്തിൻ്റെ വിജയത്തെ ആത്മാർത്ഥമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് സര്‍സമീൻ. മികച്ച സംഗീതവും മികച്ച മേക്കിങ്ങും മനോഹരമായ പ്രകടനങ്ങളുമാണ് ചിത്രത്തിൽ. ഇമോഷണൽ ഡ്രാമ. കാജോളും പൃഥ്വിരാജും ഇബ്രാഹിം അലി ഖാനും പ്രകടം കൊണ്ട് ഞെട്ടിച്ചു. ക്ലൈമാക്സ് വേദനിപ്പിച്ചു', എന്നാണ് ഒരു പ്രേക്ഷകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരിക്കുന്നത്.
കാജോളിന്റെ സ്ക്രീൻ പ്രസൻസിനെയും ഇമോഷണൽ ടച്ചിനെയും പ്രശംസിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. 'മികച്ച മേക്കിങ്ങുമായാണ് സർസമീൻ എത്തിയിരിക്കുന്നത്. ഒപ്പം മികച്ച പ്രകടനങ്ങളും. പ്രധാന ഇതിവൃത്തം ഇമോഷനാണ്. ആകെമൊത്തം ഡീസന്റ് ആയ ചിത്രം. കാജോളിന്റെ പ്രകടനം അതിഗംഭിരം. പൃഥ്വിയും ഇബ്രാഹിമും നന്നായി ചെയ്തിട്ടുണ്ട്', എന്നായിരുന്നു മറ്റൊരു പ്രേക്ഷകന്റെ കമന്റ്. 'കാജോൾ ആണ് ചിത്രത്തിൻ്റെ സർപ്രൈസ് പാക്കേജ്. മനോഹരമായ, വൈകാരികമായ ഒരു കുടുംബചിത്രം. ഇത് ഉറപ്പായും പ്രേക്ഷക മനസിനെ സ്പർശിക്കും', എന്നും റിവ്യൂവകളുണ്ട്.
പ്രേക്ഷക റിവ്യൂകളുടെ അടിസ്ഥാനത്തിൽ ആകെ മൊത്തം മികച്ചൊരു സിനിമയാണ് സര്‍സമീൻ. കയൂസ് ഇറാനിയ സംവിധാനം ചെയ്ത ചിത്രമാണ് സര്‍സമീൻ. ധര്‍മ പ്രൊഡക്ഷന്‍സ് ആണ് നിർമ്മാണം. സൗമിൽ ശുക്ല, അരുൺ സിംഗ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കശ്മീർ ആർമി ഓഫീസറായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കാജോൾ. ഇവരുടെ മകനായാണ് ഇബ്രാഹിം വേഷമിട്ടത്. ഇയാളെ തട്ടിക്കൊണ്ട് പോകുകയും ശേഷം തീവ്രവാദിയായി മാറുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തെ ഇതിവൃത്തം.