
ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ഇന്നലെ നടന്ന അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഏത് പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നതെങ്കിലും അക്രമത്തിന്റെ പാത അംഗീകരിക്കാനാവില്ല. ഞായറാഴ്ച ജെഎന്‍യുവില്‍ നടന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പൃഥ്വിരാജ് പ്രകടിപ്പിച്ചിരുന്നു.
പൃഥ്വിരാജിന്റെ കുറിപ്പ്
"ഏത് പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, എന്തിനുവേണ്ടിയാണ് നിങ്ങളുടെ പോരാട്ടമെങ്കിലും, ഇതിന്റെ അവസാനം എങ്ങനെയാവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും, ഹിംസയും നശീകരണവും ഒരിക്കലും ഒന്നിനുമുള്ള ഉത്തരമല്ല. കൊളോണിയലിസത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും നേടിയ ഒരു രാജ്യത്തെ സംബന്ധിച്ച്, 'വിപ്ലവം' എന്നാല്‍ ഹിംസയ്ക്കും നിയമരാഹിത്യത്തിനുമുള്ള ആഹ്വാനമായി ഇന്ന് പരിഗണിക്കപ്പെടുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു സ്ഥാപനത്തിലേക്ക് കയറിച്ചെന്ന്, ക്രമസമാധാനപാലനമെന്നത് ലവലേശം പരിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരേ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണ്. ഇത് കര്‍ക്കശമായ ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. അതേസമയം ഇതിനെതിരായി, ഹിംസയെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഇതേതോതില്‍ അപലപിക്കപ്പെടും. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ സാധൂകരിച്ചെന്ന് വരില്ല."
അതേസമയം ജെഎന്‍യുവില്‍ ഇന്നലെ നടന്ന വ്യാപക അക്രമങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഐഷി ഷോഘ് ഉള്‍പ്പെടെയുള്ളവരെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.