പൃഥ്വിരാജിന്റെ 'കാപ്പ'യുടെ ട്രെയിലര്‍ നാളെ

By Web TeamFirst Published Dec 8, 2022, 8:12 PM IST
Highlights

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പ'.

പൃഥ്വിരാജിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാപ്പ'. ഹിറ്റ് മേക്കര്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കാപ്പ'യുടെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപ്പോഴിതാ 'കാപ്പ' എന്ന പൃഥ്വിരാജ് ചിത്രത്തിന്റ ട്രെയിലറിന്റെ അപ്‍ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.

ഷാജി കൈലാസ് ചിത്രം 'കാപ്പ'യുടെ ട്രെയിലര്‍ നാളെ വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടും. ചിത്രം റിലീസ് ചെയ്യുക 22നാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു.

ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍  കഥ പറയുന്ന കാപ്പയില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ജോമോൻ ടി ജോൺ,  പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ. 'കടുവ' എന്ന ചിത്രം ഹിറ്റായിരുന്നു.  'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. ജിനു എബ്രഹാമിന്റേതായിരുന്നു രചന.

Read More: പ്രമുഖ കോമഡി താരം ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു

tags
click me!