'രാജുവിന്‍റെ കോപ്പി'; 'ബറോസ്' തിരക്കഥ വായിക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

By Web TeamFirst Published Mar 16, 2021, 4:08 PM IST
Highlights

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്ന ബറോസിന്‍റെ ചിത്രീകരണത്തിനു മുന്‍പുള്ള അവസാനവട്ട ജോലികളിലാണ് മോഹന്‍ലാലും ടീമും

'ദൃശ്യം 2' റിലീസിനു തൊട്ടുമുന്‍പാണ് മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ താന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന വിവരം പൃഥ്വിരാജ് ആദ്യമായി അറിയിച്ചത്. 'ബറോസ്' എന്ന് എടുത്തുപറഞ്ഞില്ലെങ്കിലും സിനിമാപ്രേമികളെ സംബന്ധിച്ച് ആ ചിത്രമാണ് പൃഥ്വി ഉദ്ദേശിച്ചതെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പിന്നീട് പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ നവോദയ സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രത്തിലും മോഹന്‍ലാലിനൊപ്പം പൃഥ്വി ഉണ്ടായിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിച്ച 'ബറോസ്' തിരക്കഥയുടെ കോപ്പിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

'ബറോസ് ഷൂട്ടിംഗ് സ്ക്രിപ്റ്റ്, സൂപ്പര്‍വൈസേഴ്സ് കോപ്പി' എന്നും മാര്‍ച്ച് 5 എന്ന തീയതിയും തിരക്കഥാ കോപ്പിയുടെ പുറംചട്ടയില്‍ അച്ചടിച്ചിട്ടുണ്ട്. 'കോണ്‍ഫിഡന്‍ഷ്യല്‍, രാജുവിന്‍റെ കോപ്പി' എന്ന് പേന കൊണ്ട് എഴുതിയിട്ടുമുണ്ട് അതില്‍. 

2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്‍റെ സ്വപ്ന പ്രോജക്ട് ആണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്ന ബറോസിന്‍റെ ചിത്രീകരണത്തിനു മുന്‍പുള്ള അവസാനവട്ട ജോലികളിലാണ് മോഹന്‍ലാലും ടീമും. ബറോസിന്‍റെ ഗോവയിലെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ തുടക്കത്തിലോ ആരംഭിക്കും. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

click me!