
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ നീളും. ഈ പ്രോജക്റ്റിന്‍റെ തിരക്കഥാ സംബന്ധമായ ജോലികള്‍ തുടരുകയാണെന്നും സിനിമ 2027 ലേക്ക് നീക്കിയിട്ടുണ്ടെന്നും ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയദര്‍ശന്‍റെ അപ്കമിംഗ് ഡിറക്റ്റോറിയല്‍ ലൈനപ്പില്‍ മറ്റു ചില വ്യത്യാസങ്ങളും വന്നിട്ടുണ്ട്. ബോളിവുഡില്‍ സംവിധാനം ചെയ്യാനിരുന്ന ഹേര ഫേരി 3 ല്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പകരം അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍ അദ്ദേഹം.
ഹേര ഫേരിയിലെ താരങ്ങളായ അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും പരേഷ് റാവലും ഒപ്പം ആദ്യ ഭാഗം ഒരുക്കിയ പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ഹേര ഫേരി 3 ന്‍റെ ഹൈപ്പ്. 2025 മെയ് മാസത്തില്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പരേഷ് റാവല്‍ പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹം പിന്നീട് തിരിച്ചെത്തി. നിയമപരവും വ്യക്തിപരവുമായ തര്‍ക്കങ്ങളാല്‍ ചിത്രം ഒരിക്കലും യാഥാര്‍ഥ്യമാവില്ലെന്നാണ് താന്‍ കരുതുന്നതെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചിരുന്നു. അതേസമയം ഈ ഗ്യാപ്പില്‍ അക്ഷയ് കുമാറിനൊപ്പം പ്രിയദര്‍ശന്‍ ചെയ്യാനിരിക്കുന്ന സിനിമ കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ഇരുവരും ഒന്നിക്കുന്ന ഒന്‍പതാമത്തെ ചിത്രമാവും അത്. ഒപ്പത്തിന്‍റെ റീമേക്ക് എന്ന് കരുതപ്പെടുന്ന ഹൈവാന്‍ എന്ന ചിത്രവും ഈ ടീമിന്‍റേതായി വരാനുണ്ട്. സെപ്റ്റംബര്‍ റിലീസ് ആണ് ഹൈവാന്‍. പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ ടീമിന്‍റേതായി ഏപ്രിലില്‍ തിയറ്ററുകളിലെത്തിയ ഭൂത് ബംഗ്ല വലിയ വിജയം നേടിയിരുന്നു.
അതേസമയം പ്രിയദര്‍ശന്‍റെ 100-ാം ചിത്രമാണ് മോഹന്‍ലാലിനൊപ്പം ചെയ്യുന്നതായി മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ചത്. പ്രിയദര്‍ശന്‍റെ ആദ്യ സിനിമയിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ലോക സിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഇത്. സംഗീതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാവും ഇതെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞിരിക്കുന്നത്. അതേസമയം മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്. നെടുങ്കണ്ടം മിറക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ശ്യാം പുഷ്കരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ്. സുഷിന്‍ ശ്യാം സംഗീത സംവിധാനവും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ