തന്റെ മൂത്ത മകൾ ഐശ്വര്യയ്ക്കെതിരെ വ്യാജവാർത്തകൾ നൽകുന്നവർക്കെതിരെ നടൻ അർജുൻ സർജ പോലീസിൽ പരാതി നൽകി
തന്റെ മൂത്ത മകള്‍ക്കെതിരെ അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്കുന്നവര്ക്കും പ്രചരണം നടത്തുന്നവര്‍ക്കുമെതിരെ പൊലീസില്‍ പരാതിയുമായി നടന് അര്ജുന് സര്‍ജ. മകള്‍ ഐശ്വര്യയ്ക്കെതിരായ തെറ്റായ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ പൊലീസിലാണ് അര്‍ജുന്റെ പരാതി. മകൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഇഷ്ടമുള്ള ജീവിതം നയിക്കാൻ മകൾക്ക് അവകാശം ഉണ്ടെന്നും അര്ജുന് പറയുന്നു. അധിക്ഷേപകരമായ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പും പുറത്തിറക്കിയിട്ടുണ്ട് അര്ജുന്.
അര്‍ജുന്റെ ഇളയ മകള്‍ അഞ്ജനയുടെ വിവാഹം ഒക്ടോബര്‍ 19 ന് ആയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മൂത്ത മകള്‍ക്കെതിരെ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രടരണങ്ങള് നടന്നത്. മകള്‍ മദ്യത്തില്‍ അഭയം കണ്ടെത്തിയിരിക്കുകയാണെന്നതടക്കം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രചരിക്കുന്നതെന്നും ഇത് ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും അര്ജുന് പ്രസ്താവനയില്‍ പറയുന്നു.
അര്ജുന് സര്‍ജയുടെ പ്രസ്താവന
ആദ്യമായി, അഞ്ജനയുടെ വിവാഹത്തോടനുബന്ധിച്ച് അവൾക്കും ഞങ്ങളുടെ കുടുംബത്തിനും സ്നേഹവും ആശംസകളും നേർന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഇളയ മകളുടെ വിവാഹസമയത്ത്, മൂത്ത മകൾ ഐശ്വര്യ അർജുന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അവളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടും അവൾ മാത്രം പങ്കുവെക്കേണ്ട കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കാനും ഞാൻ ബോധപൂർവ്വം തീരുമാനിക്കുകയായിരുന്നു. സ്വന്തം തീരുമാനങ്ങളെടുക്കാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ഏതൊരു സ്ത്രീക്കും അവകാശമുണ്ട്. അവൾക്ക് പറയണമെന്ന് തോന്നുകയാണെങ്കിൽ, അവളുടേതായ സമയത്ത് അവൾ തന്നെ അത് തുറന്നുപറയും.
എന്നാൽ, ഒരു അച്ഛനെന്ന നിലയിൽ, എന്റെ മകളെയും അവളുടെ സ്വഭാവത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തികച്ചും അടിസ്ഥാനരഹിതവും അങ്ങേയറ്റം അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കാണുമ്പോൾ എനിക്ക് നിശ്ശബ്ദനായിരിക്കാൻ കഴിയില്ല. അഭിനേതാക്കളെന്ന നിലയിൽ, പൊതുജീവിതം സ്വാഭാവികമായും ഊഹാപോഹങ്ങളെയും സൂക്ഷ്മപരിശോധനകളെയും ക്ഷണിച്ചുവരുത്തുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിലും, വെറും ഊഹാപോഹങ്ങളും ബോധപൂർവ്വം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. പൊതുജനശ്രദ്ധയുണ്ട് എന്നത് കെട്ടുകഥകൾ മെനയാനോ വ്യക്തിഹത്യ നടത്താനോ ആർക്കും ലൈസൻസ് നൽകുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു സ്ത്രീയെ മദ്യപാനിയെന്ന് മുദ്രകുത്തുന്നതുൾപ്പെടെയുള്ള അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും അംഗീകരിക്കാനാവാത്തതുമാണ്.
മൗനമാണ് പലപ്പോഴും ഏറ്റവും മാന്യമായ മറുപടിയെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു. എന്നാൽ, മൗനത്തെ ഒരിക്കലും സമ്മതമായി തെറ്റിദ്ധരിക്കരുത്, അതുപോലെ തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കാനും പെരുപ്പിച്ചുകാട്ടാനും അത് ഇടയാക്കരുത്. അതിനാൽ, ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിക്കൊണ്ട് ഞങ്ങൾ ഉചിതമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തെയും റിപ്പോർട്ടിംഗിനെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്നാൽ, സത്യത്തിനോ വിശ്വാസ്യതയ്ക്കോ യാതൊരു വിലയും കൽപ്പിക്കാതെ, കേവലം തങ്ങളുടെ ഉള്ളടക്കം വിറ്റഴിക്കാൻ വേണ്ടി മാത്രം അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും സെൻസേഷണലൈസ് ചെയ്തുകൊണ്ട് മാധ്യമങ്ങളിലെ ചില വിഭാഗങ്ങൾ ഈ ഉത്തരവാദിത്തം ദുരുപയോഗം ചെയ്യുന്നത് തികച്ചും നിർഭാഗ്യകരമാണ്.
ഇത് എന്റെ മകളെക്കുറിച്ച് മാത്രമുള്ള കാര്യമല്ല. അന്തസ്സ് ചോദ്യം ചെയ്യപ്പെടുകയും, വ്യക്തിപരമായ തീരുമാനങ്ങൾ പൊതുവിചാരണയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന ഓരോ സ്ത്രീയെയും കുറിച്ചുള്ളതാണ്. സ്വന്തം കുടുംബത്തിന്റെ പിന്തുണയില്ലാത്ത സ്ത്രീകൾക്ക് ഇത്തരം ആരോപണങ്ങൾ വലിയ ആഘാതമുണ്ടാക്കും. ഒരു അച്ഛനെന്ന നിലയിൽ, എന്റെ മകൾക്കൊപ്പവും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവളുടെ അവകാശത്തിനൊപ്പവും ഞാൻ എപ്പോഴും ഉറച്ചുനിൽക്കും. ഇതിന് ഉത്തരവാദികളായവർ ഇനിയെങ്കിലും വേണ്ടത്ര ജാഗ്രത പാലിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഇനിയും പ്രചരിപ്പിക്കുകയോ പെരുപ്പിച്ചുകാട്ടുകയോ ചെയ്താൽ ഉചിതമായ നിയമനടപടികളിലൂടെ തന്നെ അതിനെ നേരിടും. ബഹുമാനവും അന്തസ്സും ഒരിക്കലും വിട്ടുവീഴ്ച ചെയ്യപ്പെടേണ്ട ഒന്നല്ല.
സ്നേഹപൂർവ്വം,
അർജുൻ സർജ













