'മരക്കാര്‍' ഒടിടിയിലേക്കോ? പ്രിയദര്‍ശന്‍റെ പ്രതികരണം

By Web TeamFirst Published Oct 21, 2021, 9:37 PM IST
Highlights

ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ താനും മോഹന്‍ലാലും നിര്‍മ്മാതാവ് ആയ ആന്‍റണി പെരുമ്പാവൂരും ഒരേ അഭിപ്രായക്കാരാണെന്ന് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു

'മരക്കാര്‍' ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. "ഇതുവരെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടില്ല. ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കേണ്ടവര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആണ്", പ്രിയദര്‍ശന്‍ 'ഒടിടി പ്ലേ'യോട് പറഞ്ഞു.

 

ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ താനും മോഹന്‍ലാലും നിര്‍മ്മാതാവ് ആയ ആന്‍റണി പെരുമ്പാവൂരും ഒരേ അഭിപ്രായക്കാരാണെന്ന് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു- "ഒരു ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട ചിത്രം. ഇനിയൊരു ആറ് മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും", എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍.

Also Read>> 'തിയറ്ററുകള്‍ക്ക് തരാതിരിക്കില്ല'; മരക്കാര്‍ 'ഹൈബ്രിഡ് റിലീസ്' ആയാലും അത്ഭുതപ്പെടാനില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

മരക്കാര്‍ ചെറിയ സ്ക്രീനുകളില്‍ ആസ്വദിക്കാവുന്ന സിനിമയെന്ന് മോഹന്‍ലാലും മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു- "വലിയ സ്ക്രീനിനുവേണ്ടിയുള്ള മാധ്യമമാണ് സിനിമ. ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ഒടിടി തീര്‍ച്ഛയായും സിനിമകളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റ് ആണ്. ഒടിടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്ഫോമിനുവേണ്ടി, അവിടുത്തെ പ്രേക്ഷകരെ മനസ്സില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. പക്ഷേ തിയറ്ററുകള്‍ തീര്‍ച്ഛയായും തിരിച്ചുവരും. മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്‍ത്, ചെറിയ സ്ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്. 600 തിയറ്ററുകള്‍ 21 ദിവസത്തെ ഫ്രീ-റണ്‍ തരാമെന്നേറ്റ ചിത്രവുമാണ് അത്. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യും. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ", മോഹന്‍ലാല്‍ പറഞ്ഞു.

click me!