
മലയാളം സിനിമാപ്രേമികള്‍ ഒന്നര വര്‍ഷമായി റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' (Marakkar Movie). മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് കൊവിഡ് സാഹചര്യത്തില്‍ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. ചിത്രം ഒടിടി റിലീസ് (OTT Release) ആവില്ലെന്നും എന്തായാലും തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പലതവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്. ഇതിനോട് പ്രതികരിക്കുകയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ (Liberty Basheer). തിയറ്ററുകള്‍ക്ക് നല്‍കാതെ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.
തിയറ്റര്‍ ഒഴിവാക്കിയുള്ള ഒടിടി റിലീസിന് മരക്കാര്‍ ഒരുങ്ങുമെന്ന് താന്‍ കരുതുന്നില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. "കേള്‍ക്കുന്ന വാര്‍ത്തയില്‍ വാസ്‍തവമൊന്നുമില്ല. അങ്ങനെയൊന്നും സംഭവിക്കുകയേയില്ല. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസത്തിനു ശേഷം സിനിമകള്‍ ഒടിടി പ്ലാറ്റ്‍ഫോമുകള്‍ക്ക് നല്‍കാമെന്നായിരുന്നു ഫിലിം ചേംബറിന്‍റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്ത് എടുത്ത പടങ്ങള്‍ക്ക് ആ ഇടവേള 30 ദിവസമാക്കി കുറച്ചിരുന്നു. ചേംബര്‍ തീരുമാനം ലംഘിച്ചുകൊണ്ട് തിയറ്റര്‍ റിലീസിനു പിന്നാലെ രണ്ടാഴ്ച കഴിഞ്ഞ് ഒടിടി റിലീസിനു കൊടുത്താല്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ പറ്റില്ല. പക്ഷേ തിയറ്ററുകള്‍ക്ക് കൊടുക്കാതെ ഒടിടിക്ക് കൊടുത്താല്‍ തിയറ്ററുകാരെ വഞ്ചിക്കുന്നതിനോടൊപ്പം ചേംബറിന്‍റെ മാനദണ്ഡം പാടെ ലംഘിക്കലുമാവും. അവരത് ഒരിക്കലും ചെയ്യുമെന്ന് തോന്നുന്നില്ല", പ്രചരണത്തെക്കുറിച്ച് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
മരക്കാര്‍ പ്രദര്‍ശിപ്പിക്കാനായി കേരളത്തിലെ 300ല്‍ അധികം തിയറ്ററുകള്‍ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും ബഷീര്‍ പറയുന്നു- "മരക്കാര്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്നു വാങ്ങിയ അഡ്വാന്‍സ് തുക ആകെ 35-40 കോടി വരും. 10 ലക്ഷം, 15 ലക്ഷം, 25 ലക്ഷമൊക്കെയാണ് ഓരോ തിയറ്ററുകാരും നല്‍കിയിട്ടുള്ളത്. കൊവിഡ് ആദ്യ തരംഗത്തിനു മുന്‍പ് വാങ്ങിയതാണ് ഈ തുക", ലിബര്‍ട്ടി ബഷീര്‍ പറയുന്നു. 50 ശതമാനം പ്രവേശനം എന്നത് ഒരു ബിഗ് ബജറ്റ് ചിത്രത്തിന് ബാധ്യതയാവാതിരിക്കാനാണ് കേരളത്തിലെ എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം എടുത്തത്. മൂന്നാഴ്ചത്തെ ഫ്രീ-റണ്ണും ഉറപ്പു കൊടുത്തിരുന്നു. അതുവഴി 100 ശതമാനം പ്രവേശനത്തിന്‍റെ ഗുണം ലഭിക്കുമായിരുന്നു, ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
Also Read>> കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും 'മരക്കാറി'ന് മൂന്നാഴ്ചത്തെ 'ഫ്രീ റണ്‍'
അതേസമയം തിയറ്ററിലും ഒടിടിയിലും ഒരേ ദിവസം റിലീസ് ചെയ്യുന്ന 'ഹൈബ്രിഡ് റിലീസ്' രീതിയില്‍ ചിത്രം എത്തിയാലും തനിക്ക് അത്ഭുതമില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. "തിയറ്റര്‍ റിലീസിനു ശേഷം കൊടുത്താല്‍ ഒടിടിയില്‍ നല്ല തുക കിട്ടില്ല. തിയറ്ററിലും ഒടിടിയിലും ഒരേ ദിവസം റിലീസ് എന്നത് സംഭവിച്ചുകൂടാത്ത കാര്യമൊന്നുമല്ല. തിയറ്റര്‍ റിലീസ് ആയാലും രണ്ടാഴ്ച കഴിഞ്ഞ് ഒടിടിയില്‍ വരും എന്നതില്‍ സംശയമില്ല", എന്നാല്‍ ഡയറക്റ്റ് ഒടിടി റിലീസിന് പ്രിയദര്‍ശന്‍ (Priyadarshan) സമ്മതം നല്‍കുമെന്ന് താന്‍ കരുതുന്നില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ 'മരക്കാര്‍' ഉടന്‍ തിയറ്ററുകളിലേക്ക് എത്തില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor) മൂന്നാഴ്ച മുന്‍പ് പറഞ്ഞിരുന്നു. തിയറ്റര്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെയായിരുന്നു അത്. 50 ശതമാനം പ്രവേശനം നഷ്‍ടമുണ്ടാക്കും എന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്ന് പ്രിയദര്‍ശനും മോഹന്‍ലാലും (Mohanlal) ആന്‍റണി പെരുമ്പാവൂരും നേരത്തെ പ്രതികരിച്ചിരുന്നു. "മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്‍ത്, ചെറിയ സ്ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്. 600 തിയറ്ററുകള്‍ 21 ദിവസത്തെ ഫ്രീ-റണ്‍ തരാമെന്നേറ്റ ചിത്രവുമാണ് അത്. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യും. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ", മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ താനും മോഹന്‍ലാലും നിര്‍മ്മാതാവ് ആയ ആന്‍റണി പെരുമ്പാവൂരും ഒരേ അഭിപ്രായക്കാരാണെന്ന് പ്രിയദര്‍ശനും പറഞ്ഞിരുന്നു- "ഒരു ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട ചിത്രം. ഇനിയൊരു ആറ് മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും", എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍.
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ