'പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുന്നു'; യഥാര്‍ത്ഥ രേഖകള്‍ കൈയ്യിലുണ്ടെന്ന് നിര്‍മ്മാതാക്കള്‍

By Web TeamFirst Published Jan 9, 2020, 12:01 PM IST
Highlights

'25 ലക്ഷം രൂപയാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്. അത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്‍റെ കൈവശം ഉണ്ട്'.

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം വ്യാജപ്രചരണം നടത്തുന്നതായി നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 25 ലക്ഷം രൂപയാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്‍റെ കൈവശം ഉണ്ടെന്നും എന്നാല്‍  ചിത്രത്തിന്‍റെ ഡബ്ബിംഗുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

'25 ലക്ഷം രൂപ മാത്രമേ കരാറിൽ പറഞ്ഞിട്ടുള്ളൂ. ഇത് സംബന്ധിച്ച രേഖകൾ അസോസിയേഷനിലുണ്ട്. 45 ലക്ഷം രൂപ നിർമാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ് നിന്റെ വാദം തെറ്റാണ്. കരാർ  രേഖകൾ ആവശ്യമെങ്കിൽ പുറത്ത് വിടും'. ഡബ്ബിംഗ്  കരാർ ലംഘിച്ച താരത്തിനെതിരെ അമ്മയുടെ പ്രതികരണത്തിന് കാത്തിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം.

ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കൾ. ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.
 

click me!