
ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്‍ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിന് എതിരെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. കേസില്‍ അറസ്റ്റിലായ പ്രതിയെ നേരിട്ട് കാണുകയോ അല്ലാതെയോ ഉള്ള പരിചയമോ ഇല്ലെന്ന് ഷാജി പട്ടിക്കര പറയുന്നു. പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട് എന്ന് വാര്‍ത്ത കണ്ടു. പ്രതികളില്‍ സിനിമാരംഗത്തെ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. പ്രതികളില്‍ ഒരാള്‍ അഷ്‌ക്കര്‍ അലി എന്ന വ്യാജ പേരില്‍ തന്നെ വിളിച്ചിരുന്നുവെന്നും ഷാജി പട്ടിക്കര പറയുന്നു.
ഷാജി പട്ടിക്കരയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
പ്രിയ സുഹൃത്തുക്കളെ, നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്‍തു കഴിഞ്ഞുവെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടു. പ്രതികളില്‍ സിനിമാരംഗത്തെ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. പ്രതികളില്‍ ഒരാള്‍ അഷ്‌ക്കര്‍ അലി എന്ന വ്യാജ പേരില്‍ സിനിമ നിര്‍മാതാവ് എന്ന നിലയില്‍ മാര്‍ച്ച് 22-ാം തീയതി എന്നെ ഫോണില്‍ വിളിച്ച് പരിചയപ്പെടുകയുണ്ടായി.
ഒരു സിനിമ ചെയ്യുവാന്‍ ആഗ്രഹമുണ്ട് എന്നും, പണം ഒരു പ്രശ്‌നമല്ല പക്ഷേ സിനിമ പെട്ടെന്ന് നടക്കണം എന്നുമായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംവിധായകന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ വാട്ട്‌സ്പ്പില്‍ അയച്ചുകൊടുത്തു. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം അഷ്‌ക്കര്‍ അലി എന്ന ഇയാള്‍ എന്നെ വിളിക്കുകയും കഥ ഇഷ്‍ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്‍തു. തൊട്ടടുത്ത ദിവസം ഇയാള്‍ വിളിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേയും, ഷംന കാസിമിന്റെയും നമ്പര്‍ ചോദിച്ചു.
ഞാന്‍ അത് വാട്ട്‌സ്പ്പില്‍ അയച്ചുകൊടുത്തു. ഇവിടെ ഇദ്ദേഹമല്ല, മറ്റൊരാള്‍ ചോദിച്ചാലും പ്രത്യേകിച്ച്, സിനിമാക്കാരനാണെങ്കില്‍ ഏത് പാതിരാത്രിയിലും നമ്പര്‍ കൊടുക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയില്‍ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും ഞാനാണ്. ഞാന്‍ സംവിധായകന്റെ നമ്പര്‍ കൊടുത്ത ശേഷം, ഇയാള്‍ നിരന്തരം ആ സംവിധായകനെ വിളിക്കുകയും, സംവിധായകനോട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്‍തു.
എന്നാല്‍ അത് വേണ്ടെന്ന് ആ സംവിധായകന്‍ അറിയിച്ചു. അതിനടുത്ത ദിവസം ഇയാള്‍ എന്നെ വിളിച്ച് നടി അനു സിത്താരയുടെ നമ്പര്‍ ചോദിച്ചു. ഞാന്‍ അപ്പോള്‍ അനുസിത്താരയുടെ പിതാവ് സലാം കല്‍പ്പറ്റയുടെ നമ്പര്‍ കൊടുത്തു. സലാംക്ക എന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനു സിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാന്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളറായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ്.അതു മാത്രമല്ല,അനു സിത്താരയുടെ അനുജത്തി അനു സോനാര ആദ്യമായി അഭിനയിച്ചതും ഞാന്‍ കണ്‍ട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്.
സലാംക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്‌ക്കര്‍ അലി എന്ന ഒരു നിര്‍മാതാവ് വിളിച്ചിരുന്നു എന്നും, അവരുടെ സിനിമയിലെ നായികാ വേഷം സംസാരിക്കാനാണ് എന്നും, ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ സംസാരിക്കൂ. പറ്റില്ലെങ്കില്‍ വിട്ടോളൂ എന്നും പറഞ്ഞു. അതിന് ശേഷം, ചിത്രം ചെയ്യാമെന്നേറ്റ സംവിധായകന്‍ എന്നെ വിളിച്ച് ഇവരുടെ രീതി അത്ര കണ്ട് ശരിയല്ല എന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ ആ പ്രൊജക്റ്റ് ചെയ്യണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു.
അത് പറയുന്നത് 2020 മേയ് മൂന്നിന് ആണ്. കൊവിഡ് കാലമായതിനാല്‍ 2020 മാര്‍ച്ച് 19 മുതല്‍ ജൂണ്‍ 28 വരെ കോഴിക്കോട് ടൗണ്‍ വിട്ട് ഒരു സ്ഥലത്തും ഞാന്‍ പോയിട്ടില്ല. എന്നെ വിളിച്ച പ്രതിയെ മുന്‍പ് നേരിട്ട് കാണുകയോ,അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല. ഇദ്ദേഹത്തെ ഞാന്‍ നേരിട്ട് കാണുന്നത് ജൂണ്‍ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക്ക് പൊലീസ് ഓഫീസില്‍ വച്ചാണ്. പൊലീസ് ഓഫീസര്‍മാര്‍ വിവരങ്ങള്‍ ചോദിച്ചു. എന്റെ മറുപടി രേഖപ്പെടുത്തി. ഞാന്‍ തിരിച്ച് കോഴിക്കോട്ടേക്ക് പോരുകയും ചെയ്‍തു. ജൂണ്‍ 30 ന് എന്നെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്‍തു.
അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ നമ്പര്‍ കൊടുത്തത് ഷാജി പട്ടിക്കരയാണ് എന്ന വിവരം പറയുക മാത്രമേ ചെയ്‍തിട്ടുള്ളൂ എന്നും അറിയിച്ചു.
ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അത് എന്നും നിലനിൽക്കും. വിഷയം ചാനലിൽ വന്നതുമുതൽ എന്റെ തോളോട് തോൾ ചേർന്നു നിന്ന പ്രിയ ഗുരുനാഥൻമാരായ നിർമാതാവ് ശ്രീ ആന്റോ ജോസഫ്, ശ്രീ ഷിബു ജി സുശീലൻ, എപ്പോഴും വിളിച്ചാശ്വസിപ്പിച്ച പ്രിയ സുഹൃത്ത് ബാദുഷ, ഫെഫ്‍ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്‍ണൻ, ഞാൻ ഒപ്പം വർക്ക് ചെയ്‍തിട്ടുള്ള എന്റെ പ്രിയ സംവിധായകർ, ഫെഫ്ക്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് യൂണിയനിലെ പ്രിയ സുഹൃത്തുക്കൾ, സിനിമാരംഗത്തുനിന്നുള്ള താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, നിർമാതാക്കൾ.
എല്ലാത്തിലുമുപരി എന്റെ ഭാര്യാസഹോദരൻ ഷമീർ അലി, എന്റെ സഹോദരന്മാരായ മുഹമ്മദ് മുസ്‍തഫ, ഷെബീറലി, എന്റെ പ്രിയ പത്നി ജെഷീദ ഷാജി, മാധ്യമ സുഹൃത്തുക്കൾ. എല്ലാവർക്കും ഹൃദയത്തിൽ ചാലിച്ച സ്നേഹത്തോടെ നന്ദി.
സ്വന്തം ഷാജി പട്ടിക്കര
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ