
കാസറ്റുകളും പിന്നീട് ഓഡിയോ സിഡികളുമായിരുന്നു ഒരുകാലത്ത് സിനിമാ സംഗീത വ്യവസായത്തിന്‍റെ അടിസ്ഥാനം. ഇന്‍റര്‍നെറ്റ് കാലത്ത് മ്യൂസിക്ക് ആപ്പുകളിലേക്ക് ആ വിപണി മാറ്റത്തിന് വിധേയമായി. ഇടക്കാലത്ത് തളര്‍ച്ച നേരിട്ട സിനിമാ സംഗീത വിപണി ഇപ്പോള്‍ നിര്‍മ്മാതാവിന് നേട്ടമുണ്ടാക്കുന്ന മേഖലയായി തിരിച്ചെത്തിയിട്ടുണ്ട്. വലിയ തരംഗം തീര്‍ക്കുന്ന സൗണ്ട്ട്രാക്ക് അടങ്ങിയ ചിത്രങ്ങള്‍ ഓഡിയോ റൈറ്റ്സ് ഇനത്തില്‍ മികച്ച തുക നേടുന്നുണ്ട്. ഇതിന് പുതിയ ഉദാഹരണമാണ് തെലുങ്ക് ചിത്രം പുഷ്പ 2.
കെജിഎഫ് 2 നും പൊന്നിയിന്‍ സെല്‍വന്‍ 2 നും ശേഷം തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വല്‍ ആണ് പുഷ്പ 2. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സിനിമ ഓഡിയോ റൈറ്റ്സ് ഇനത്തില്‍ നേടിയിരിക്കുന്ന തുക ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഓഡിയോ റൈറ്റ്സില്‍ ഒരു ചിത്രം ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണ് ഇത്. 65 കോടിയാണ് പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഓഡിയോ റൈറ്റ്സ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്തെ ശ്രദ്ധേയ ചിത്രങ്ങളായ ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ എന്നിവയേക്കാളൊക്കെ ഉയര്‍ന്ന തുകയാണ് ഇത്. ആര്‍ആര്‍ആറിന് 26 കോടിയും പൊന്നിയിന്‍ സെല്‍വന് 24 കോടിയുമാണ് ഈ ഇനത്തില്‍ ലഭിച്ചിരുന്നത്.
കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ 1. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്‍റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. വിശേഷിച്ചും ഹിന്ദി പതിപ്പ്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്.
ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; നാദിറ അരുതാത്തത് പറഞ്ഞെന്ന് അനു, ബിഗ് ബോസില്‍ സംഘര്‍ഷം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ