
സിനിമാസ്വാദകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പാപ്പൻ. നീണ്ടകാലത്തെ ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ആർജെ ഷാൻ ആണ് പാപ്പന്റെ തിരക്കഥ നിർവഹിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ സിബി ജോസ് ചാലിശ്ശേരിയെ കുറിച്ച് ഷാൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പാപ്പൻ എന്ന സിനിമയെ സ്നേഹിച്ച ഏവർക്കും നന്ദിയെന്ന് കുറിച്ച ഷാൻ, ഈ സ്നേഹം പങ്കിടുമ്പോൾ പറയേണ്ട സിബി ജോസ് ചാലിശ്ശേരിയുടേതെന്ന് പറയുന്നു.
കഴിഞ്ഞ രണ്ടു വർഷത്തോളം കാലം ജോഷി സാറുടെ മനസ്സും മനഃസാക്ഷിയുമായി പാപ്പന്റെ പുറകിൽ നിന്ന പ്രിയപ്പെട്ട സിബി ചേട്ടൻ. ജോഷി സാർ മനസ്സിൽ ആഗ്രഹിച്ചത് പോലെ രംഗമൊരുക്കി, ഒരു തച്ചനെ പോലെ നല്ലൊരു ഷോട്ട് ജോഷി സാർ നിർമിച്ചെടുക്കുമ്പോൾ, ഒരു നല്ല സീൻ സംഭവിക്കുമ്പോൾ, ഒടുവിൽ 'വെരി ഗുഡ് ' എന്ന് പറഞ്ഞു കട്ട് പറഞ്ഞു സാറു കസേരയിൽ നിന്ന് എഴുനേൽക്കുമ്പോൾ, പുറകിൽ ഓടുന്ന നിങ്ങളുടെ നെഞ്ചിലെ വിരിവും ചുണ്ടിലെ ചിരിയും കണ്ണിലെ അഭിമാനവും താൻ കണ്ടിട്ടുണ്ടെന്ന് ഷാൻ കുറിക്കുന്നു.
ആർ ജെ ഷാനിന്റെ വാക്കുകൾ ഇങ്ങനെ
പാപ്പൻ എന്ന സിനിമയെ സ്നേഹിച്ച ഏവർക്കും നന്ദി !
ഈ സ്നേഹം പങ്കിടുമ്പോൾ പറയേണ്ട ഒരു പേരുണ്ട് , സിബി ജോസ് ചാലിശ്ശേരി . ഈ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ .
‘ജോഷി സാർ ഒന്ന് കണ്ണനക്കിയാൽ എനിക്ക് മനസ്സിലാകും . നിങ്ങളൊക്കെ ഷോട്ട് വരുമ്പോ മോണിറ്റർ നോക്കും , ആർട്ടിസ്റ്റിനെ നോക്കും , കണ്ടിന്യൂയിറ്റി നോക്കും .. പക്ഷെ ഞാൻ ഡയറക്ടറെ ആണ് നോക്കാറ് !!’ , പതിവ് തൃശൂർ ശൈലിയിൽ സിബി ചേട്ടൻ പറയും .
കഴിഞ്ഞ രണ്ടു വർഷത്തോളം കാലം ജോഷി സാറുടെ മനസ്സും മനഃസാക്ഷിയുമായി പാപ്പന്റെ പുറകിൽ നിന്ന പ്രിയപ്പെട്ട സിബി ചേട്ടൻ . പാപ്പന്റെ മാത്രമല്ല , പൊറിഞ്ചുവിന്റെയും , ലൈലയുടെയും അങ്ങനെ ജോഷി സാറുടെ പല ചിത്രങ്ങളുടെയും ചീഫ് .
പാപ്പൻ സങ്കീർണമായ ഒരു തിരക്കഥ ആണ് , അതുകൊണ്ടു തന്നെ അത് ഷൂട്ട് ചെയ്യുമ്പോൾ ഒരു ചീഫ് അസ്സോസിയേറ്റിന്റെ സംഭാവന ചെറുതല്ല .
സെറ്റിൽ ജോഷി സാറിന്റെ ഒരു നോട്ടത്തിൽ കാര്യങ്ങൾ മനസ്സിലാക്കുകയും , നടപ്പിലാക്കുകയും ചെയ്യുക , ഇതാണ് സിബിയുടെ രീതി.പക്ഷെ അവിടെ തീരുക അല്ല തുടങ്ങുക മാത്രമാണ് സിബി ചേട്ടന്റെ ഓരോ ദിവസവും.
‘ഡയറക്ഷൻ ഡിപ്പാർട്മെന്റിനു ഷൂട്ടിംഗ് എന്ന പ്രക്രിയ ഒരു യുദ്ധത്തിനിറങ്ങുന്ന പോലെ അച്ചടക്കമുള്ളതാകണം , അവിടെ ഷോട്ടുകൾ പാട്ടുകൾ പോലെ ഒഴുകണം’ , സിബി ചേട്ടൻ എന്നും പറയും . സാങ്കേതികമായി ഒരു ചീഫ് അസ്സോസിയേറ്റ് എന്തെല്ലാം ചെയ്യുന്നു എന്ന് സിനിമ അറിയുന്നവർക്ക് പറയേണ്ടതില്ല . എന്നാൽ സിബി എന്ന മനുഷ്യനെ കുറിച്ച് കൂടി പറയാനാണ് ഈ എഴുത്തു .
ഏതൊരു സിനിമയിലും എന്തൊരു പ്രതിസന്ധി വന്നാലും , അതാദ്യം അറിയുന്നതും അത് ഡയറക്ടറിലേക്കു എത്തിക്കാതെ തന്നെ പരിഹരിക്കണ്ടതും ചീഫ് ആണ് . സിബി അതിൽ വലിയൊരു മാതൃക ആണ് . കാരണം , സിബിക്ക് പ്രശ്നങ്ങൾ ഒരു ഹരമാണ് .
പ്രതിസന്ധിയുടെ ‘പ്ര' ദൂരെ വരമ്പത്തു മുണ്ടു പൊക്കി നിക്കും മുമ്പേ സിബി ചേട്ടൻ അവിടെ എത്തും . പഴയ ഇന്നസെന്റിനെ പോലെ ഒരു ചോദ്യം , “എന്താ നിന്റെ പ്രശ്നം !?”
രണ്ടു കയ്യും ഒരു തലയും ,ആ തലയിൽ രണ്ടായിരം കാര്യങ്ങളും , ഇതാണ് സിബി .
അറുപതിലധികം കഥാപാത്രങ്ങൾ ഉള്ള ഒരു സിനിമയിൽ , നടീ നടന്മാരെ അണിനിരത്താനും അവരുടെ ഡേറ്റുകൾ അനുസരിച്ചു കൂടി പ്രധാന ഷൂട്ടിംഗ് ദിവസങ്ങൾ ചാർട് ചെയ്യുക എന്നതും , ശേഷം ഉദ്ദേശിച്ചതിലും എത്രെയോ ദിവസങ്ങൾ മുമ്പ് ഒരു സിനിമ ഷൂട്ട് ചെയ്തു തീർക്കുക എന്നതും ശ്രമകരമെങ്കിലും വിജയിച്ചാൽ അത് ഒരു ചീഫിന്റെ വിജയം കൂടി ആണ് . നിർമാണത്തിൽ ലക്ഷങ്ങൾ ലാഭം വരുന്ന സംഗതി ആണ് ,ഈ കാര്യത്തിൽ സിബി തന്നെ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് .അത് എന്നെ അത്ഭുതപെടുത്തിയിട്ടുമുണ്ട് .
മലയാള സിനിമയിൽ പരിചയ സമ്പന്നരായ ചീഫ് അസ്സോസിയേറ്റ് ഡിറക്ടർമാരിൽ സിബി ജോസ് ചാലിശ്ശേരി എന്ന പേര് മുൻ നിരയിൽ എഴുതി ചേർക്കാൻ ഒരുപക്ഷെ ഇതുപോലെ അനേകം കാരണങ്ങൾ ഉണ്ട് .
ചില സാഹചര്യങ്ങളിൽ അപൂർവം ആർട്ടിസ്റ്റുകൾക്കു പരിഭവങ്ങൾ ഉണ്ടാകാം . ‘അവരൊക്കെ കലാകാരന്മാരല്ലേ ’, സിബി ചേട്ടൻ പറയും .എങ്കിലും ആ അഭിനേതാവ് വലുതെന്നോ ചെറുതെന്നോ നോക്കാതെ , അവരെ സസൂക്ഷ്മം കേൾക്കുകയും , അവക്കെല്ലാം പരിഹാരം കണ്ടെത്തുകയും , ഷൂട്ടിങ്ങിൽ അതിന്റെ ഒരു ലാഞ്ചന പോലും പ്രതിസന്ധിയായി മുന്നിൽ തലപൊക്കാതിരിക്കുകയും ചെയ്യുമ്പോൾ അത് ഒരു ചീഫിന്റെ തലയുടെ കല ആണ് എന്ന് ഏറെ പേർക്ക് അറിയില്ല .
‘കലാകാരന്മാർ കൊച്ചു കുട്ടികളെ പോലെയാഡാ , ഇടയ്ക്കു ആ തൊട്ടിൽ ഒന്ന് ആട്ടണം . അത്രേ വേണ്ടു .' പതിവ് നർമത്തിൽ സിബി ഏതു പ്രശ്നവും ഉപസംഹരിക്കും .
'ഉള്ളിൽ എവിടെയോ ഒരു ആളൽ സമ്മാനിച്ച പ്രിയനളിനി'; 'പാപ്പനെ' കുറിച്ച് തിരക്കഥാകൃത്ത്
ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞാൽ പിന്നെ ഇന്നോവയിൽ കേറുന്ന സിബി മറ്റൊരാൾ ആണ് . പാട്ടു , കവിത , ആലാപനം , കൊട്ട് ..മുറിയിലെത്തിയാൽ
കോണിയക്കിന്റെ മണം മൂക്കിൽ തട്ടാൻ ഒരു ചെറുത് , പ്രണയം തുളുമ്പുന്ന ചില ഓർമ്മകൾ , ചൂട് കഞ്ഞി , പിന്നെ തനിക്കു മാത്രം വായിക്കാൻ ഒരു വരിയിൽ തീരുന്ന ഒരു കഥ മൊബൈലിൽ കുറിച്ചിടും , പിന്നെ സ്വച്ഛന്ദമായ നിദ്ര !
'ലോകം മറിഞ്ഞു വീണാലും ഇനി നാളെ നോക്കാം , ഗുഡ് നൈറ്റ്' .മുറിയുടെ വെളിച്ചം അണയും .
സിബി , ഇത് നിങ്ങൾക്കുള്ള എന്റെ ആശംസയാണ് . നിങ്ങൾ ഒരുഗ്രൻ കലാകാരനാണ് , നാളെ ലോകം കാണാൻ പോകുന്ന ഒരു മികച്ച സംവിധായകൻ .ലോക സിനിമയെ കുറിച്ച് വ്യക്തമായ അപഗ്രഥനം , സിനിമയെ കുറിച്ചും കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും കൃത്യമായ ഗ്രാഹ്യം . നിങ്ങളുടെ സിനിമകൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളു. അന്ന് ഈ വരികൾ ലോകം വീണ്ടും വായിക്കും .
ഹെയർപിന്നുകൾ പോലെ ചുറ്റി പിണഞ്ഞു കിടന്ന പാപ്പന്റെ തിരക്കഥയുടെ ഒരു ഏടിൽ പോലും , സംശയത്തിന്റെ നെല്ലിട വെക്കാതെ ജോഷി സാർ എന്ന ക്രഫ്റ്സ്മാൻ വരുമ്പോൾ അദ്ദേഹത്തിനുള്ള ടൂളുകൾ ഒരുക്കുക നമ്മുടെ കടമ ആണ് എന്ന് അസിസ്റ്റന്റ് ഡയറക്ടര്സിനു പട്ടാള ചിട്ടയിൽ നിർദേശം കൊടുത്തു ..ഒടുവിൽ ജോഷി സാർ മനസ്സിൽ ആഗ്രഹിച്ചത് പോലെ രംഗമൊരുക്കി , ഒരു തച്ചനെ പോലെ ഒരു നല്ല ഷോട്ട് ജോഷി സാർ അതിൽ നിർമിച്ചെടുക്കുമ്പോൾ , ഒരു നല്ല സീൻ സംഭവിക്കുമ്പോൾ, ഒടുവിൽ
'വെരി ഗുഡ് ' എന്ന് പറഞ്ഞു കട്ട് പറഞ്ഞു സാറു കസേരയിൽ നിന്ന് എഴുനേൽക്കുമ്പോൾ , പുറകിൽ ഓടുന്ന നിങ്ങളുടെ നെഞ്ചിലെ വിരിവും ചുണ്ടിലെ ചിരിയും കണ്ണിലെ അഭിമാനവും ഞാൻ കണ്ടിട്ടുണ്ട്.
മുന്നിൽ വരുന്ന ആരെയും സഹായിക്കാൻ മടി ഇല്ലാത്ത , the most trusted lieutenant of paappan & perhaps for malayalam cinema too.
Ending note
അമരക്കാരനായി സിബി ചേട്ടൻ നിൽക്കുമ്പോളും , സിബിക്ക് വലതും ഇടതുമായി നിന്ന ജിദുൻ Jidhun Radhakrishnan , അബിൽ Abhil Anand MT , ഷാരൂഖ് Sharook Rasheed (അസ്സോസിയേറ്റ് ഡിറക്ടർസ്) കൈ മെയ് മറന്നു പുറകിൽ ഓടിയ മെൽബിൻ Melbin Thomas , വരുൺ Varun Gosh , അർച്ചന @archanarudraksh (അസിസ്റ്റന്റ് ഡിറക്ടർസ്) എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
എല്ലാവര്ക്കും സ്നേഹം