വീട്ടില്‍ വന്നാല്‍ കുറച്ചു കഞ്ഞി തന്നാല്‍ മതിയെന്ന് പറഞ്ഞു; ശശി കലിംഗയെ കുറിച്ച് ആര്‍ എല്‍ വി രാമകൃഷ്‍ണൻ

By Web TeamFirst Published Apr 7, 2020, 3:52 PM IST
Highlights

ഒരു ദിവസം വീട്ടിലേക്ക് വരാം, അവിടെ വന്നാൽ എനിക്ക് കുറച്ച് കഞ്ഞി തന്നാല്‍ മതി എന്നൊക്കെ പറഞ്ഞാണ് അന്ന് യാത്രയായത്  എന്നും തീറ്ററപ്പായി സിനിമയുടെ ഓര്‍മ്മകളുമായി ആര്‍ എല്‍ വി രാമകൃഷ്‍ണൻ.

ശശി കലിംഗ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശശി കലിംഗ എന്ന നടൻ സിനിമയില്‍ സ്വന്തം ഇടം കണ്ടെത്തിയ കലാകാരനായിരുന്നുവെന്ന് കലാഭവൻ മണിയുടെ സഹോദരനും നടനുമായ ആര്‍ എല്‍ വി രാമകൃഷ്‍ണൻ പറഞ്ഞു. ശശിയേട്ടന് കവിൾ കോട്ടിയുള്ള ഒരു ചിരി മതി. അല്ലെങ്കില്‍ ഒരു നോട്ടം മതി. സ്വതസിദ്ധമായ അഭിനയശൈലിയുടെ വക്താവായിരുന്നു ശശി കലിംഗയെന്നും ആര്‍ എല്‍ വി രാമകൃഷ്‍ണൻ സാമൂഹ്യമാധ്യമത്തില്‍ പറയുന്നു.

ആർ എൽ വി രാമകൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശശിയേട്ടന് പ്രണാമം. ശശിയേട്ടൻ മണി ചേട്ടന്റെ നല്ലൊരു സുഹൃത്തായിരുന്നു. അദ്ദേഹം പല തവണ പാഡിയിൽ വന്നിട്ടുണ്ട്. ഞാൻ ശശിയേട്ടനെ അടുത്തറിയുന്നത് തീറ്ററപ്പായിയുടെ ലൊക്കേഷനിൽ വച്ചാണ്. ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആദ്യമായി ചെല്ലുമ്പോൾ ആദ്യമായി കണ്ടത് ശശിയേട്ടനെയായിരുന്നു.

അന്ന് ശശിയേട്ടന്റെ കൂടെയുള്ള ഒരു സീനായിരുന്നു നിശ്ചയിച്ചിരുന്നത്. എപ്പോഴും സ്‍നേഹത്തോടെ ശാസനകളോടെ പരിഭവങ്ങളോടെ ഒക്കെയാണ് ശശിയേട്ടന്റെ പെരുമാറ്റം. ഉള്ള കാര്യം വെട്ടിതുറന്ന് പറയും. സെൽഫി എടുക്കുന്നത് അത്ര ഇഷ്‍മായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു ആർട്ടിസ്റ്റുകൾക്കൊപ്പം ഫോട്ടോ എടുത്തിട്ടും ശശിയേട്ടന്റെ കൂടെ ഒരു സെൽഫി എടുക്കാൻ കുറച്ചു സമയമെടുത്തു..

ഒരു ദിവസം ആശാൻ തന്നെ വന്ന് കെട്ടി പിടിച്ച് ഒരു ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫറോട് പറഞ്ഞു. ആ ഫോട്ടോയാണിത്. എനിക്ക് കിട്ടിയ മറക്കാനാവാത്ത സമ്മാനം. ഒരു ദിവസം വീട്ടിലേക്ക് വരാം. അവിടെ വന്നാൽ എനിക്ക് കുറച്ച് കഞ്ഞി തന്നാമതി എന്നൊക്കെ പറഞ്ഞാണ് യാത്രയായത്. 'സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വക്താവായിരുന്നു ശശിയേട്ടൻ. ഒരു നോട്ടം, കവിൾ കോട്ടിയുള്ള ഒരു ചിരി. അത്രയൊക്കെ മതി ശശിയേട്ടനിലൂടെയുള്ള ആശയങ്ങൾ പുറത്തേക്കെത്താൻ മലയാള സിനിമയിലെന്ന പോലെ ഇംഗ്ലിഷ് സിനിമയിലും തന്റെ കഴിവു തെളിയിച്ച നടനാണ് ശശിയേട്ടൻ'. തന്റേതായ ശൈലിയിലൂടെ തന്റെ ഇടം കണ്ടെത്തിയ കലാകാരൻ . ശശിയേട്ടന് യാത്രാമൊഴി.

click me!