നിവിൻ പോളി നായകനായ 'സർവ്വം മായ' എന്ന സിനിമയുടെ ആശയം രൂപപ്പെട്ടതിനെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തി. നിരീശ്വരവാദിയായിരുന്ന തന്റെ കോളേജ് ജൂനിയർ പിന്നീട് ക്ഷേത്രത്തിലെ പൂജാരിയായത് കണ്ടപ്പോൾ ഉണ്ടായ ചിന്തയാണിതെന്ന് അഖില്‍ പറയുന്നു.
സമീപകാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി സൂപ്പർ ഹിറ്റായി മാറിയ സിനിമയാണ് സർവ്വം മായ. നിവിൻ പോളി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അഖിൽ സത്യൻ ആയിരുന്നു. ചിത്രം നിലവിൽ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്. തതവസരത്തിൽ സിനിമയുടെ പ്ലോട്ട് വന്ന വഴിയെ പറ്റി അഖിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ചെറിയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അമ്മ ഒരുദിവസം എന്നോട് അമ്പലത്തിൽ പോകാൻ പറഞ്ഞത്. വീടിന് അടുത്തുള്ള അമ്പലമാണ്. എനിക്ക് പ്രസാദം തന്ന പൂജാരി എന്റെ കോളേജിൽ ജൂനിയർ ആയിരുന്നു. തീപ്പൊരി എസ്എഫ്ഐക്കാരൻ ആയിരുന്നു. അവൻ കൊടുത്ത ഒരുരൂപയുടെ കോയിൻ ബസ് കണ്ടക്ടർ വലിച്ചെറിഞ്ഞു. അന്നവൻ ഷൗട്ട് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. തീപ്പൊരിയായിട്ടുള്ള എത്തിസ്‌റ്റും കമ്യൂണിസ്റ്റ് കാരനുമാണ്. പത്ത്, പതിനഞ്ച് വർഷത്തിനിപ്പുറം അവനാണ് താടിയൊക്കെ വച്ചിട്ട് എനിക്ക് പ്രസാദം തരുന്നത്. 'എടാ..നീയാ.!' എന്ന് ചോദിച്ച് പോയി. ഒരു രസമല്ലേ എന്ന് അവൻ പറയുന്നുണ്ട്. ഒരു എത്തിസ്റ്റ് നമ്പൂതിരി ഗതികേട് കൊണ്ട് പൂജാരി ആവേണ്ടി വന്നാൽ എന്താവുമെന്നതാണ് സർവ്വംമായയിലെ തുടക്കം", എന്നാണ് അഖിൽ സത്യൻ പറഞ്ഞത്. ക ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വംമായ. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആയിരുന്നു റിലീസ്. അജു വർഗീസ്, റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 100 കോടി ക്ലബ്ബിലും പടം ഇടംപിടിച്ചു.



