'ഒപ്പം നടന്ന പഴയ പോക്കറ്റടി ടീം കുഞ്ഞിക്കാദറിനെ പോക്കറ്റടിച്ചോണ്ടുപോയി', കുറിപ്പുമായി രഘുനാഥ് പലേരി

Published : Apr 27, 2023, 05:59 PM IST
 'ഒപ്പം നടന്ന പഴയ പോക്കറ്റടി ടീം കുഞ്ഞിക്കാദറിനെ പോക്കറ്റടിച്ചോണ്ടുപോയി', കുറിപ്പുമായി രഘുനാഥ് പലേരി

Synopsis

ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും, അതിൽ ഒരു 'കുഞ്ഞിക്കാദർ' സ്‍‍പർശമുണ്ടാകും എന്നും രഘുനാഥ് പലേരി എഴുതിയിരിക്കുന്നു.  

മലയാളത്തിന്റെ പ്രിയപ്പെട്ട ചിരി മുഖമായിരുന്നു ഇന്നലെ യാത്രയായ മാമുക്കോയ. സംഭാഷണത്തിലെ കോഴിക്കോടൻ ശൈലിയാലും നിറഞ്ഞ ചിരിയാലും മലയാളികളുടെ പ്രിയംനേടിയ നടൻ. മാമുക്കോയ എന്ന് ഓര്‍ത്താല്‍ തന്നെ ഒട്ടേറെ കഥാപാത്രങ്ങള്‍ ചിരിച്ചുകൊണ്ട് ഓര്‍മയിലേക്ക് എത്തും. അങ്ങനെ ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രത്തിന്റെ രചയിതാവ് രഘുനാഥ് പലേരി മാമുക്കോയയെ ഓര്‍ത്ത് എഴുതിയ ചെറിയൊരു കുറിപ്പാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

'മഴവില്‍ക്കാവടി' എന്ന ചിത്രത്തില്‍ 'കുഞ്ഞിക്കാദറെ'ന്ന പോക്കറ്റടിക്കാരനെയായിരുന്നു മാമുക്കോയ്‍ക്ക് സത്യൻ അന്തിക്കാടും രഘുനാഥ് പലേരിയും നീക്കിവെച്ചത്. ഹിറ്റായ ആ ചിത്രത്തില്‍ നിന്നുള്ള ഫോട്ടോ പലരും ഇന്നലെ പങ്കുവെച്ചിരുന്നു.  ഇന്നസെന്റ്, ഒടുവില്‍ , പറവൂര്‍ ഭരതൻ, ശങ്കരാടി, മാമുക്കോയ, കരമന ജനാര്‍ദ്ദനൻ നായര്‍, ജഗനാഥൻ എന്നിവരായിരുന്നു ആ ഫ്രെയിമില്‍ ഉണ്ടായിരുന്നു. എക്കാലവും മലയാള സിനിമ ഓര്‍ക്കുന്ന ആ കൂട്ടത്തിലെ അവസാന ആളും പോയ ദു:ഖം പങ്കുവയ്‍ക്കുകയായിരുന്നു ആരാധകര്‍. മഹാരഥൻമാരായ നടൻമാര്‍ ഫോട്ടോയില്‍ ഒന്നിച്ചുള്ളത് കണ്ടപ്പോള്‍ ആ സുവര്‍ണകാലത്തേയ്‍ക്ക് പലരുടെയും ഓര്‍മകള്‍ പോയിരുന്നിരിക്കണം. 'മഴവിൽക്കാവടി'യാടി രസിച്ച് ഇഷ്‍ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ 'കുഞ്ഞിക്കാദറി'നെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി എന്നാണ് രഘുനാഥ് പലേരി എഴുതിയത്. മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്‍ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു. ആ കണ്ണീർതുള്ളികളാവും യാ മത്താ.... യാ സത്താ....യാ.... ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക. ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും. അതിൽ ഒരു 'കുഞ്ഞിക്കാദർ' സ്‍‍പർശമുണ്ടാകും എന്നും രഘുനാഥ് പലേരി എഴുതിയിരിക്കുന്നു.

വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.05നായിരുന്നു അന്ത്യം. 76 വയസായിരുന്നു.

നാടകത്തിലൂടെ കലാപ്രവര്‍ത്നം തുടങ്ങി സിനിമയിൽ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടൻ ഭാഷയുടെ നർമം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീർത്ത നടൻ. വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു മാമുക്കോയ. 1946ൽ കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു ജനനം. തടിപ്പണിക്കാരനായി മാമുക്കോയ ജീവിതം തുടങ്ങി. 'അന്യരുടെ ഭൂമി' ചിത്രത്തിലൂടെ ആദ്യമായി സിനിമ രംഗത്തേക്ക് പ്രവേശിച്ചു. 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി.

Read More:'പാവക്കൂത്തി'ല്‍ മിക്കവരുടെയും പഴികേട്ടിട്ടും കുലുങ്ങിയില്ല, പക്ഷേ സാഗറിന്‍റെ കഥ കേട്ട് പൊട്ടിക്കരഞ്ഞ് വിഷ്‍ണു

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ