
നടന്‍ റഹ്‍മാന്‍ (Rahman) ബോളിവുഡിലേക്ക് (Bollywood). ടൈഗര്‍ ഷ്രോഫ് (Tiger Shroff), കൃതി സനോണ്‍ (Kriti Sanon) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്‍ത സംവിധായകന്‍ വികാസ് ബാല്‍ (Vikas Bahl) സംവിധാനം ചെയ്യുന്ന 'ഗണപത്' (Ganapath) എന്ന ചിത്രത്തിലൂടെയാണ് റഹ്‍മാന്‍റെ ഹിന്ദി സിനിമാ അരങ്ങേറ്റം. ഒരു ടൈഗര്‍ ഷ്രോഫ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതുപോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. വലിയ മുതല്‍മുടക്കിലാണ് നിര്‍മ്മാണം. ഏറെ വ്യത്യസ്‍തതയുള്ള ഫ്യൂച്ചറിസ്റ്റിക് സിനിമയെന്നാണ് അണിയറക്കാര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന ചിത്രത്തിന്‍റെ ലണ്ടന്‍ ഷെഡ്യൂളില്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റഹ്‍മാന്‍.
മൂന്ന് മാസത്തെ ഹിന്ദി പഠനം, തിരക്കഥാ വായന, മേക്കപ്പ് ടെസ്റ്റ് എന്നിവയ്ക്കൊക്കെ ശേഷമാണ് റഹ്‍മാന്‍ ലണ്ടനില്‍ എത്തിയത്. ആദ്യ ബോളിവുഡ് അനുഭവത്തെക്കുറിച്ച് റഹ്‍മാന്‍ പറയുന്നു- "ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്നു മാസം മുൻപു തന്നെ സംവിധായകനും സംഘവും ചാർട്ടിംഗ് പൂർത്തിയാക്കിയിരുന്നു. പൊതുവെ തെന്നിന്ത്യൻ ആർട്ടിസ്റ്റുകളോടും മറ്റും ബോളിവുഡുകാര്‍ക്ക് അവഗണനയാണന്നായിരുന്നു കേട്ടറിവ്. എന്നാൽ ആ കേട്ടറിവുകൾക്ക് വിരുദ്ധമായിരുന്നു എന്‍റെ അനുഭവം. സെറ്റിലെ പ്ലാനിംഗ്, ചിട്ട, കൃത്യനിഷ്ഠ, എത്ര വലിയ ആർട്ടിസ്റ്റുകളാണെങ്കിലും വലുപ്പച്ചെറുപ്പമില്ലാതെ, തൊഴിലാളി, ആർട്ടിസ്റ്റ് ഭേദമന്യേ സൗഹൃദത്തോടെയുള്ള പെരുമാറ്റം ഇതൊക്കെ എന്നെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ടൈഗർ ഷ്രോഫിന്‍റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതി വരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽ നമുക്കും ഇതുപോലെ ഒരു മകനുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. കൃതിയുടെ കാര്യവും മറിച്ചല്ല. ആദ്യ ദിവസം തന്നെ ദീർഘകാല പരിചയക്കാരെ പോലെയുള്ള പെരുമാറ്റവും സ്നേഹവുമായിരുന്നു അവരുടേതും. വികാസ് ബാലും ജാടയില്ലാതെ പെരുമാറുന്ന ആളാണ്", റഹ്‍മാന്‍ പറയുന്നു.
പൂജാ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ഗണപതിന്‍റെ നിർമ്മാതാക്കൾ. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ലണ്ടനിലും ഇന്ത്യയിലുമായി അടുത്ത വർഷം മാർച്ച് മാസത്തോടെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാവും. ബോളിവുഡില്‍ മറ്റു ചില പ്രോജക്റ്റുകളിലേക്കും റഹ്‍മാന് ക്ഷണമുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. പുതുവര്‍ഷത്തില്‍ മലയാളത്തിലും അദ്ദേഹം കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി എത്തും. നവാഗത സംവിധായകൻ ചാൾസ് ജോസഫിന്‍റെ 'സമാറ'യാണ് പുതുവർഷത്തിൽ ആദ്യം റിലീസിനൊരുങ്ങുന്ന റഹ്‍മാന്‍റെ മലയാള ചിത്രം. തുടർന്ന് മറ്റൊരു പുതുമുഖ സംവിധായകൻ അമൽ കെ ജോബി ഒരുക്കുന്ന 'എതിരേ' ജനുവരിയിൽ ആരംഭിക്കും. റഹ്‍മാന്‍ നായകനാവുന്ന 'അഞ്ചാമൈ', റഹ്‍മാന്‍ , ജയം രവി, അർജുൻ എന്നിവർ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'ജന ഗണ മന', നടൻ വിശാലിന്‍റെ ആദ്യ സംവിധാന സംരംഭമായ 'തുപ്പറിവാളൻ 2', കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് റഹ്‍മാന്‍റെ മറ്റു തമിഴ് പ്രോജക്ടുകൾ. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. പി ആര്‍ ഒ, സി കെ അജയ് കുമാര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ