സ്റ്റൈല്‍ മന്നൻ ഡബ്ബിംഗ് തുടങ്ങി, ദര്‍ബാര്‍ ആഘോഷമാകും!

By Web TeamFirst Published Nov 15, 2019, 12:10 PM IST
Highlights

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന സിനിമയ്‍ക്കായി രജനികാന്ത് ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോ പുറത്തുവിട്ടു.

രജനികാന്ത് ആരാധകര്‍ എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങിയതാണ് പുതിയ റിപ്പോര്‍ട്ട്. രജനികാന്ത് ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദര്‍ബാറിന് ശേഷം മറ്റൊരു ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവ ചിത്രത്തിലാണ് രജനികാന്ത് നായകനാകുന്നത്.

The name is AADITYA ARUNASALAM 😎🔥 Candid yet stylish stills of from today 😌
pic.twitter.com/SQTwCC9xOv

— Lyca Productions (@LycaProductions)

ആദിത്യ അരുണാസലം എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ പഞ്ച് ഡയലോഗുകളും രജനികാന്തിന് ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. അടുത്തമാസം 7നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുക. അതിനു മുമ്പേ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  അതേസമയം സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം ഗ്രാമപശ്ചാത്തലത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!