കാത്തിരിപ്പ് അധികം നീളില്ല, 'പെണ്ണും  പൊറാട്ടും' ചിത്രം പ്രഖ്യാപിച്ച് രാജേഷ് മാധവൻ; പോസ്റ്റർ പുറത്തുവിട്ടു

By Web TeamFirst Published Nov 28, 2022, 7:33 PM IST
Highlights

എല്ലാരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികള്‍ക്കു നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിന്‍റെ വിവരങ്ങൾ രാജേഷ് മാധവൻ പുറത്തുവിട്ടത്. കോമഡി ഡ്രാമ എന്‍റർടെയിനറാകും ചിത്രം

കൊച്ചി: മലയാളത്തിലെ പുതുമുഖ നടന്മാരിൽ ആരാധകർ ഏറെയുള്ള താരങ്ങളില്‍ ഒരാളാണ് രാജേഷ് മാധവൻ. 'ന്നാ താൻ കേസ് കൊട് 'എന്ന ചിത്രത്തിലെ പ്രകടനത്തോടെ ആരാധകരുടെ പ്രിയം കൂടിയിരുന്നു. അതിന് പിന്നാലെ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോളിതാ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രഖ്യാപനം നടത്തി രാജേഷ് മാധവൻ തന്നെ രംഗത്തെത്തിയിരിക്കുയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്ററടക്കം പുറത്തുവിട്ട രാജേഷ് ചിത്രീകരണം ഉടൻ തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.  'പെണ്ണും  പൊറാട്ടും' എന്നാണ് ചിത്രത്തിന്‍റെ പേര്.  എസ് ടി കെ ഫ്രെയ്ംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. എല്ലാരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികള്‍ക്കു നന്ദിയെന്നും ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിന്‍റെ വിവരങ്ങൾ രാജേഷ് മാധവൻ പുറത്തുവിട്ടത്. കോമഡി ഡ്രാമ എന്‍റർടെയിനറാകും ചിത്രമെന്ന ഉറപ്പും സംവിധായകൻ നൽകിയിട്ടുണ്ട്.

 

ഇതാ ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം, രാജേഷ് മാധവൻ സംവിധായകനാകുന്നു

കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ. വിഷ്വല്‍ മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് രാജേഷ് മാധവൻ സിനിമ മേഖലയിലെത്തിയത്. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്തിട്ടുണ്ട്. 'അസ്‍തമയം വരെ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തനെയു  ശ്യം പുഷ്‍കരനെയും കഥ കേള്‍പ്പിക്കാൻ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ തന്നെ പറഞ്ഞിരുന്നത്.  ദിലീഷ് പോത്തന്റെ തന്നെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചത് മറ്റാരുമായിരുന്നില്ല. ഏറ്റവുമൊടുവില്‍ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേശൻ' എന്ന  കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ചതോടെ ആരാധകരുടെ പ്രിയ താരങ്ങളിലൊരാലായി ഇദ്ദേഹം മാറുകയായിരുന്നു. രാജേഷ് മാധവൻ സംവിധായകനാകുമ്പോള്‍ ആ നിലയിലുള്ള ചിത്രം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.

click me!