Asianet News MalayalamAsianet News Malayalam

ഇതാ ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം, രാജേഷ് മാധവൻ സംവിധായകനാകുന്നു

'ന്നാ താൻ കേസ് കൊട് ' അടക്കമുള്ള ചിത്രങ്ങളുടെ പ്രിയങ്കരനായ രാജേഷ് മാധവൻ സംവിധായകനാകുന്നു.

Rajesh Madhavan turns director
Author
First Published Nov 6, 2022, 11:04 AM IST

അടുത്തിടെ ഏറ്റവും അധികം പ്രേക്ഷകപ്രീതി നേടിയ താരങ്ങളില്‍ ഒരാളാണ് രാജേഷ് മാധവൻ. 'ന്നാ താൻ കേസ് കൊട് 'എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു രാജേഷ് മാധവന്റെ പ്രകടനം. ഏവരും പ്രശംസയ്‍ക്ക് പാത്രമായ ചിത്രത്തിലെ കാസ്റ്റിംഗ് ചെയ്‍തതും രാജേഷ് മാധവനായിരുന്നു . ഇപ്പോഴിതാ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

എസ്‍ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടും മലയാള സിനിമ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ് ഇത്.

കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ. വിഷ്വല്‍ മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്‍താണ് രാജേഷ് മാധവൻ കരിയര്‍ തുടങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്‍തു. 'അസ്‍തമയം വരെ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തനെയും  ശ്യം പുഷ്‍കരനെയും കഥ കേള്‍പ്പിക്കാൻ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ തന്നെ പറഞ്ഞിരുന്നത്.  ദിലീഷ് പോത്തന്റെ തന്നെ 'തൊണ്ടുമതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ 'തിങ്കളാഴ്‍ച നിശ്ചയ'ത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  'തിങ്കളാഴ്‍ച നിശ്ചയ'ത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും രാജേഷ് മാധവൻ പ്രവര്‍ത്തിച്ചു. ഏറ്റവുമൊടുവില്‍ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേശൻ' എന്ന  കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ചു. രാജേഷ് മാധവൻ സംവിധായകനാകുമ്പോള്‍ ഏതുതരം ചിത്രമായിരിക്കും എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: കല്‍ക്കി ട്രസ്റ്റിന് ഒരു കോടി നല്‍കി 'പൊന്നിയിൻ സെല്‍വൻ' നിര്‍മാതാക്കള്‍

Follow Us:
Download App:
  • android
  • ios