
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ട്രെയിലർ ആയിരുന്നു ലിയോയുടേത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ട്രെയിലർ എത്തിയപ്പോൾ വിജയ് ആരാധകരിൽ ആവേശം അലതല്ലി. വലിയ സർപ്രൈസ് ആകും ലോകേഷ് കനകരാജ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പിച്ചു കഴിഞ്ഞു. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലർ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ. ഈ അവസരത്തിൽ തമിഴ്നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ ട്രെയിലറിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
ട്രെയിലറിന് എതിരെ രൂക്ഷവിമർശനം ആണ് രാജേശ്വരി ഉയർത്തുന്നത്. സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറിൽ സംസാരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. ഒപ്പം അയോഗ്യനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ് എന്നും ഇവർ ട്വീറ്റ് ചെയ്തിരിക്കുന്നു. ട്രെയിലർ ആരംഭിച്ച് 1.46 മിനിറ്റ് ആകുമ്പോൾ വിജയ് തൃഷയോട് സംസാരിക്കുന്നൊരു രംഗമുണ്ട്. ഈ സംഭാഷണമാണ് രാജേശ്വരിയെ ചൊടിപ്പിച്ചിരിക്കുന്നത്.
”വിജയ് സ്വബോധത്തോടെയാണോ ലിയോയിൽ അഭിനയിച്ചത്? വിജയ് മോശം വാക്ക്(1.46മിനിറ്റ്) ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വാക്ക് വിജയിയ്ക്ക് ഉള്ളതാണോ. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്‌ക്കെതിരെ ഞങ്ങളുടെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നു. അയോഗ്യനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഇതിനെതിരെ സിനിമാലോകം രംഗത്തുവരണം", എന്നാണ് രാജേശ്വരി ട്വീറ്റ് ചെയ്തിരിക്കുന്നത്.
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രവും വാരിസിന് ശേഷം വിജയ് നായകനാകുന്ന സിനിമയും കൂടിയാണിത്. അർജുൻ, തൃഷ, സഞ്ജയ് ദത്ത്, മാത്യു, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ലിയോയിൽ അണിനിരക്കുന്നുണ്ട്.
'സൈക്കിള്‍ വാങ്ങാനുള്ളതിനേക്കാൾ പണം ഞാന്‍ അവള്‍ക്ക് കൊടുത്തു, പാടി നടക്കാന്‍ താൽപര്യമില്ല'; അഖിൽ