
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ രജനികാന്ത് ചിത്രം 'ജയിലര്‍' തിരുത്തിക്കുറിക്കുകയാണ്. 'ജയിലര്‍' രാജ്യമെങ്ങും ആവേശമായി മാറിയിരിക്കുകയാണ്. ശിവ രാജ്‍കുമാറും മോഹൻലാലും ഒപ്പം ചേര്‍ന്നതിനാല്‍ 'ജയിലര്‍' ഭാഷാഭേദമന്യേ തെന്നിന്ത്യയില്‍ കുതിക്കുകയാണ്. ചിരഞ്‍ജീവി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ഭോലാ ശങ്കര്‍' ഉണ്ടെങ്കിലും തെലുങ്ക് നാട്ടിലും രജനികാന്തിന്റെ 'ജയിലര്‍' കത്തിക്കയറുകയാണ്.
വെറും നാല് ദിവസത്തിനുള്ളില്‍ 300 കോടിയാണ് 'ജയിലര്‍' ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. കേരളത്തില്‍ ഇന്നലെ ചിത്രം ഏഴ് കോടി നേടിയപ്പോള്‍ തെലുങ്ക് നാട്ടില്‍ നിന്ന് രജനികാന്തിന്റെ 'ജയിലര്‍' 32 കോടിയും നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 'ജയിലറി'ന്റെ കുതിപ്പില്‍ ഏതൊക്കെ ചിത്രങ്ങളാകും പരാജയപ്പെടുക എന്നാണ് വ്യക്തമാകാനുള്ളത്. 2023ലെ വമ്പൻ ഹിറ്റ് രജനികാന്ത് ചിത്രം ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോള്‍ രാജ്യമെമ്പാടു നിന്നും 'ജയിലറി'ന് ലഭിക്കുന്നത്.
അക്ഷരാര്‍ഥത്തില്‍ രജനികാന്ത് 'ജയിലര്‍' എന്ന ചിത്രത്തില്‍ നിറഞ്ഞാടിയിരിക്കുകയാണ്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന്. 'ബാഷ'യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് 'ജയിലറി'നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്.
നെല്‍സണിന്റെ വിജയ ചിത്രങ്ങളില്‍ ഇനി ആദ്യം ഓര്‍ക്കുക രജനികാന്ത് നായകനായി വേഷമിട്ട 'ജയിലറാ'യിരിക്കും. ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍' 100 കോടിയിലെത്തിച്ച സംവിധായകൻ നെല്‍സണ്‍ രജനികാന്തിന് ഇപ്പോള്‍ വമ്പൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. വിജയ് നായകനായ 'ബീസ്റ്റി'ന്റെ വൻ പരാജയം മറക്കാം ഇനി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുളള ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.
Read More: കേരളത്തിലും അത്ഭുതപ്പെടുത്തുന്ന കളക്ഷൻ, 300 കോടിയും കടന്ന് 'ജയിലര്‍'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക