എന്‍ഫീല്‍ഡിലേറി രജനി, 'അണ്ണാത്തെ' മോഷന്‍ പോസ്റ്റര്‍

By Web TeamFirst Published Sep 10, 2021, 7:34 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയും

രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യുടെ മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. രജനീകാന്ത് കഥാപാത്രത്തിന്‍റെ ആവേശം കൊള്ളിക്കുന്ന ചില സ്റ്റില്ലുകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍. ഇന്ന് രാവിലെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020ല്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് ആദ്യ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെന്ന് സണ്‍ പിക്ചേഴ്സ് പിന്നാലെ പ്രഖ്യാപിച്ചു. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു. ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

ചിത്രത്തിന്‍റെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായ സമയത്തായിരുന്നു കൊവിഡിന്‍റെ വരവ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന മുറയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ അവശേഷിക്കുന്ന ചിത്രീകരണം ആരംഭിച്ചെങ്കിലും സെറ്റില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാഴ്ചയ്ക്കകം ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. എന്നാല്‍ ഏപ്രിലില്‍ തുടര്‍ച്ചയായ 35 ദിവസത്തെ ഷെഡ്യൂളില്‍ രജനീകാന്ത് തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയിരുന്നു. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വെട്രി പളനിസാമി, സംഗീതം ഡി ഇമ്മന്‍, എഡിറ്റിംഗ് റൂബെന്‍, കലാസംവിധാനം മിലന്‍, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, നൃത്ത സംവിധാനം ബൃന്ദ, പ്രേം രക്ഷിത്, സഹരചന ആദി നാരായണ, കോ ഡയറക്റ്റര്‍ ആര്‍ രാജശേഖര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!