'എന്‍റെ വിവാഹം ഇങ്ങനെ ആയിരിക്കണം'; രജിത് കുമാര്‍ പറയുന്നു

Published : Sep 11, 2020, 08:39 PM IST
'എന്‍റെ വിവാഹം ഇങ്ങനെ ആയിരിക്കണം'; രജിത് കുമാര്‍ പറയുന്നു

Synopsis

സീരിയല്‍ അഭിനയം പുതിയ കര്‍മ്മ മേഖലയാണെന്നും എന്നാല്‍ താനൊരു അഭിനേതാവ് അല്ലെന്നും സ്വാഭാവികമായി പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളതെന്നും രജിത് പറയുന്നു

നടി കൃഷ്‍ണപ്രഭയ്ക്കൊപ്പമുള്ള രജിത് കുമാറിന്‍റെ ഒരു 'വിവാഹചിത്രം' ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. യഥാര്‍ഥ വിവാഹത്തിന്‍റെ ചിത്രമാണെന്ന തലക്കെട്ടുകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനു പിന്നാലെ അത് ഏഷ്യാനെറ്റിന്‍റെ പുതിയ പരമ്പരയില്‍ നിന്നുള്ള ചിത്രമാണെന്നു വിശദീകരിച്ച് കൃഷ്ണപ്രഭ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രജിത് കുമാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന പരമ്പരയില്‍ നിന്നുള്ള ചിത്രമാണ് പ്രചരിച്ചതെന്ന് പറയുന്ന രജിത് കുമാര്‍ മറ്റൊന്നുകൂടി പറയുന്നു, ചിത്രത്തിലുള്ളതുപോലെ ലാളിത്യമുള്ള ഒരു വിവാഹമാണ് താന്‍ ആഗ്രഹിച്ചതെന്നും.

"ആ ഫോട്ടോ എല്ലാവര്‍ക്കും ഇഷ്ടപ്പെടാനുള്ള കാരണം അതിലൊരു സ്വാഭാവികത ഉണ്ടായിരുന്നതിനാലാണ്. യഥാര്‍ഥത്തില്‍ ഞാന്‍ ആഗ്രഹിച്ച വിവാഹം ഇതു തന്നെയാണ്. വിവാഹത്തിനുവേണ്ടി പൊടിച്ചുകളയുന്ന വലിയ തുക പാവപ്പെട്ടവര്‍ക്കും മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുമൊക്കെ നല്‍കാന്‍ കഴിഞ്ഞാല്‍ എത്ര നന്നാവും. ഒരു അമ്പലത്തിന്‍റെയോ പള്ളിയുടെയോ മുറ്റത്ത് തുളസിഹാരം അന്യോന്യം ചാര്‍ത്തി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ലളിതമായ വിവാഹമാണെങ്കില്‍ എത്ര പണം ലാഭിക്കാനാവും. യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു വിവാഹം നടത്താന്‍ എനിക്ക് പറ്റിയില്ല. ഈ ഷോയില്‍ അങ്ങനെ ഒരു അവസരം ലഭിച്ചു", രജിത് കുമാര്‍ പറയുന്നു.

സീരിയല്‍ അഭിനയം പുതിയ കര്‍മ്മ മേഖലയാണെന്നും എന്നാല്‍ താനൊരു അഭിനേതാവ് അല്ലെന്നും സ്വാഭാവികമായി പെരുമാറാനാണ് ശ്രമിച്ചിട്ടുള്ളതെന്നും രജിത് പറയുന്നു. ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിന്‍റെ കഥ. വലിയ താരനിര അണിനിരക്കുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണന്‍ മംഗലത്ത് ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ