ബോക്സ് ഓഫീസിലേക്ക് അക്ഷയ് കുമാറിന്‍റെ തിരിച്ചുവരവ്? 'രക്ഷാബന്ധന്‍' ആദ്യദിന പ്രതികരണങ്ങള്‍

Published : Aug 11, 2022, 09:19 PM IST
ബോക്സ് ഓഫീസിലേക്ക് അക്ഷയ് കുമാറിന്‍റെ തിരിച്ചുവരവ്? 'രക്ഷാബന്ധന്‍' ആദ്യദിന പ്രതികരണങ്ങള്‍

Synopsis

ട്രേഡ് അനലിസ്റ്റുകളെല്ലാം ഒരേ സ്വരത്തില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്

ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് മിനിമം ഗ്യാരന്‍റി ഉണ്ടായിരുന്ന നായകതാരമാണ് അക്ഷയ് കുമാര്‍. ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങള്‍ സ്വന്തം പേരില്‍ ഉള്ള താരം. എന്നാല്‍ കൊവിഡിനു പിന്നാലെ ബോളിവുഡ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിഘട്ടത്തില്‍ അക്ഷയ് കുമാറിനുപോലും പഴയകാല വിജയങ്ങള്‍ ആവര്‍ത്തിക്കാനാവുന്നില്ല. കൊവിഡിനു ശേഷം എത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങളില്‍ സൂര്യവന്‍ശി മാത്രമാണ് തെറ്റില്ലാത്ത കളക്ഷന്‍ നേടിയത്. എന്നാല്‍ അക്ഷയ് കുമാറിന്‍ മുന്‍കാല വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിന് പകിട്ട് കുറവായിരുന്നു താനും. എന്നാല്‍ ഇന്ന് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം രക്ഷാബന്ധന്‍ മികച്ച പ്രതികരണങ്ങളാണ് ആദ്യദിനം നേടുന്നത്.

ട്രേഡ് അനലിസ്റ്റുകളെല്ലാം ഒരേ സ്വരത്തില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. ലളിതമായ കഥയും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന പശ്ചാത്തലവും വൈകാരികതയും നിരവധി മികച്ച മുഹൂര്‍ത്തങ്ങളും ചിത്രത്തിന്‍റെ പ്ലസ് ആണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്. സമകാലിക പ്രസക്തിയുള്ള വിഷയം ശക്തമായി പറയുന്ന ചിത്രം എന്നാണ് മറ്റൊരു അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. രണ്ട് മണിക്കൂറിനു താഴെ ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ എഡിറ്റിംഗിനെയും രമേഷ് പ്രശംസിച്ചിട്ടുണ്ട്. സുമിത് കദേലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.

പോസിറ്റീവ് അഭിപ്രായങ്ങള്‍ പ്രവഹിക്കുന്നത് ചിത്രത്തിന്‍റെ വാരാന്ത്യ കളക്ഷനെ ഉറപ്പായും സ്വാധീനിക്കുമെന്നാണ് ബോളിവുഡിന്‍റെ പ്രതീക്ഷ. ഒരു അക്ഷയ് കുമാര്‍ ചിത്രം മികച്ച വിജയം നേടിയാല്‍ ബോളിവുഡിനാകെ അത് ആത്മവിശ്വാസം പകരും. ഇന്നു തന്നെ തിയറ്ററുകളിലെത്തിയ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്ക്ക് നെഗറ്റീവ് അഭിപ്രായങ്ങള്‍ വരുന്നതും രക്ഷാബന്ധന് നേട്ടമാവുമെന്നാണ് വിലയിരുത്തല്‍. 

അക്ഷയ് കുമാറിന്‍റേതായി സമീപകാലത്ത് പുറത്തെത്തിയ മിക്ക ചിത്രങ്ങളും ആക്ഷന് പ്രാധാന്യമുള്ളവയായിരുന്നു. എന്നാല്‍ രക്ഷാബന്ധനില്‍ കുടുംബ നായക പരിവേഷത്തിലാണ് താരം എത്തുന്നത്. സഹോദര ബന്ധത്തിന്‍റെ ഊഷ്മളതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ഇത്. നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍. 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ആനന്ദ് എല്‍ റായ് ആണ് സംവിധാനം. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി
'അതില്‍ നിന്നൊരു മോചനം വേണമായിരുന്നു..'; തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ