
തിയറ്ററുകളില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന സുരേഷ് ഗോപി ചിത്രം പാപ്പന്‍റെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാവില്ലെന്ന് സൂചന. സീ കേരളമാണ് ചിത്രത്തിന്‍റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സീയുടെ ഒടിടി പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ആയിരിക്കും ചിത്രത്തിന്‍റെ സ്ട്രീമിംഗ്. എന്നാല്‍ ചിത്രം ഒടിടിയില്‍ കാണാന്‍ ഇനിയും ഏറെനാൾ കാത്തിരിക്കേണ്ടി വരും എന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നുള്ള സൂചന.
അതിന് അവര്‍ കാരണമായി പറയുന്നത്, സീ5 ഒടിടി റൈറ്റ്സ് വാങ്ങുന്ന ചിത്രങ്ങൾ, തിയറ്ററില്‍ വൻ വിജയമാവുന്നപക്ഷം തിയറ്റര്‍ റിലീസിന്‍റെ 60 ദിനങ്ങള്‍ പിന്നിട്ടതിനു ശേഷം മാത്രമേ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കൂ എന്നതാണ്. ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് സൂപ്പർ ശരണ്യ എന്ന ചിത്രമാണ്. അങ്ങനെയെങ്കിൽ തിയറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണത്തോടെ തുടരുന്ന പാപ്പന്‍ ഒടിടിയില്‍ എത്താന്‍ ചുരുങ്ങിയത് ഒക്ടോബര്‍ എങ്കിലും ആവും.
ALSO READ : രണ്ടാം വാരത്തിലും സ്റ്റെഡി കളക്ഷനുമായി പാപ്പന്‍; സുരേഷ് ഗോപി ചിത്രം 12-ാം ദിനം നേടിയത്
അതേസമയം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ 10 ദിനങ്ങളില്‍ നിന്ന് 31.43 കോടിയാണ് ചിത്രം ആഗോള ഗ്രോസ് ആയി കളക്റ്റ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഒരിടവേളയ്ക്കു ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.