
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. 'പെദ്ധി പെഹൽവാൻ' എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗ്ലിമ്പ്സ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.
ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം ഈ ഗ്ലിമ്പ്സ് വീഡിയോയിൽ ദൃശ്യമാണ്. ഒരു പെഹൽവാൻ ആയി ഗുസ്തിയുടെ പശ്‌ചാത്തലത്തിലാണ് രാം ചരൺ കഥാപാത്രത്തെ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്. ബലിഷ്ഠമായ ശരീരത്തോടെ, കയ്യിൽ വമ്പൻ ഗദയും ഏന്തി, ഗുസ്തിയുടെ മുറകളുമായി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ മാസ്സ് സംഘട്ടനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്ന ഗ്ലിമ്പ്സ് വീഡിയോയുടെ പ്രധാന ആകർഷണം. താൻ എപ്പോഴും കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണെന്ന സൂചന നൽകുന്ന രാം ചരണിന്റെ ഡയലോഗും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ "ചികിരി ചികിരി" എന്ന ഗാനവും "റായ് റായ് രാ രാ" എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. അസാധാരണമായ പ്രേക്ഷക പ്രതികരണമാണ് ഈ ഗാനങ്ങൾക്ക് ലഭിച്ചത്.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ