
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കഥാപാത്രമായി വരുന്ന ചിത്രം ‘1921 പുഴ മുതൽ പുഴ വരെ'യുടെ (1921 Puzha Muthal Puzha)ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രാമസിംഹൻ (Ramasimhan) എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര് കൊടുത്തിരിക്കുന്നത്. അലി അക്ബറെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായി ചേര്‍ത്തിരിക്കുന്നത്. ‘1921 പുഴ മുതൽ പുഴ വരെയുടെ ഷൂട്ടിംഗിനിടെയായിരുന്നു അലി അക്ബര്‍ രാമസിംഹൻ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് എത്തിയത്.
തലൈവാസൻ വിജയ്‍യാണ് ചിത്രത്തില്‍ വാരിയം കുന്നത്ത് ഹാജിയായി അഭിനയിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന 'വാരിയം കുന്നൻ' സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചിപ്പോളാണ് അലി അക്ബറും ചിത്രം പ്രഖ്യാപിച്ചത്. ആഷിഖ് അബു ചിത്രത്തില്‍ നിന്ന് പിൻമാറിയിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിയാണ് ചിത്രം ചെയ്യുന്നത് എന്ന് അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.
മമധർമയെന്ന പേരിൽ ചിത്രത്തിന്റെ നിര്‍മാണത്തിനായി പിരിവ് നടത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ നിര്‍മാണത്തിന് നടത്തിയ പിരിവിന് ലഭിച്ചതെന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. ക്രൗഡ് ഫണ്ടിംഗ് വഴി ലഭിച്ച പണത്തിന്റെ കണക്കും ചില ഘട്ടങ്ങളില്‍ അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു. ജോയ് മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് 'ഷഹീദ് വാരിയംകുന്ന'നാണ്. ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് 'ദി ഗ്രേറ്റ് വാരിയംകുന്നനെ'ന്നുമാണ്. പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരുടെ ചിത്രങ്ങളെ കുറിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമല്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ