
മുംബൈ: ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡിലെ മഹാസംരംഭമായ രാമായണം സിനിമയുടെ ടൈറ്റിൽ പ്രഖ്യാപന വീഡിയോയ്ക്ക് സെന്‍സര്‍ ലഭിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) അംഗീകാരം നല്‍കിയതോടെ ഈ വന്‍ പ്രോജക്ടിന്റെ ആദ്യ ഔദ്യോഗിക ദൃശ്യം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദ്യ ഭാഗം 2026-ലും രണ്ടാം ഭാഗം 2027-ലും തിയേറ്ററുകളിൽ റിലീസ് ചെയ്യും. റൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും വേഷമിടുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്.
സിബിഎഫ്സി രാമായണം 3D ടൈറ്റിൽ പ്രഖ്യാപന വീഡിയോയ്ക്ക് 'യു' സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം. വീഡിയോയുടെ റൺടൈം 3 മിനിറ്റാണ്, ഇത് റൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവരുടെ കഥാപാത്രങ്ങളുടെ ആദ്യ ദൃശ്യങ്ങൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാമായണം താരനിരയുടെ കാര്യത്തിലും ശ്രദ്ധേയമാണ്. റൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർക്കൊപ്പം സണ്ണി ഡിയോൾ ഹനുമാനായും, കാജൽ അഗർവാൾ, രവി ദുബെ, അരുൺ ഗോവിൽ, ലാറ ദത്ത തുടങ്ങിയ പ്രമുഖർ വിവിധ കഥാപാത്രങ്ങളായും എത്തുന്നു.
100 മില്യൺ ഡോളർ (ഏകദേശം 835 കോടി രൂപ) ബജറ്റിൽ നിർമ്മിക്കുന്ന രാമായണം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. യാഷും നമിത് മൽഹോത്രയും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്, കൂടാതെ വാർണർ ബ്രദേഴ്സുമായി നിര്‍മ്മാണ പങ്കാളിത്തത്തില്‍ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിൽ രാവണന്റെ സഹോദരനായ വിഭീഷണന്റെ വേഷം ജയ്ദീപ് അഹ്‌ലാവത്തിന് ഓഫർ ചെയ്തിരുന്നെങ്കിലും, ഷെഡ്യൂൾ ക്ലാഷ് കാരണം അദ്ദേഹം ഈ വേഷം നിരസിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്തിടെ യാഷ് ചിത്രത്തിന്‍റെ ഷൂട്ടില്‍ സഹകരിക്കുന്ന വീഡിയോ ചിത്രങ്ങള്‍ എന്നിവ പുറത്തുവന്നിരുന്നു.