
ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലെ വിവാദവുമായി ബന്ധപ്പെട്ട് ആസിഫ് അലിയുടെ പ്രതികരണത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് രമേഷ് നാരായണ്‍. തന്‍റെ മനസ് മനസിലാക്കിയ ആസിഫ് അലിയോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ രമേഷ് നാരായണന്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും പറഞ്ഞു.
"ആസിഫ് ജിക്ക് ഞാന്‍ മെസേജ് അയച്ചിരുന്നു ഇന്നലെ. ഒന്ന് തിരിച്ചു വിളിക്കാന്‍ വേണ്ടിയിട്ട്. അദ്ദേഹം തിരിച്ചുവിളിച്ചു. രാവിലെ സംസാരിച്ചു. എന്‍റെയൊരു സാഹചര്യം ഞാന്‍ ആസിഫിന്‍റെയടുത്ത് പറഞ്ഞു. ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് കാണണമെന്നും കൊച്ചിയിലേക്ക് ഞാന്‍ വരാമെന്നും പറഞ്ഞു. വേണ്ട സാര്‍, ഞാന്‍ അങ്ങോട്ട് വരാം എന്നാണ് ആസിഫ് പറഞ്ഞത്. അത് വേണ്ട ഞാന്‍ അങ്ങോട്ട് വരാമെന്നുതന്നെ പറഞ്ഞു. ഒരുമിച്ച് ഇരിക്കണം, സംസാരിക്കണം, കാപ്പി കുടിക്കണം എന്ന് പറഞ്ഞു നിര്‍ത്തി. എന്‍റെ മാനസികാവസ്ഥ മനസിലാക്കിയതില്‍ എനിക്ക് വളരെ നന്ദിയുണ്ട്. ആസിഫിന്‍റെ മഹത്വം ആണ് അത്. ഞാന്‍ പറഞ്ഞല്ലോ, അത് അവിടെവച്ച് സംഭവിച്ചുപോയതാണ്."
സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് രമേഷ് നാരായണന്‍റെ പ്രതികരണം ഇങ്ങനെ- "എനിക്ക് മാത്രമല്ല, മക്കള്‍ക്കെതിരെയും സൈബര്‍ അറ്റാക്ക് ഉണ്ട്. അവര്‍ രണ്ടുപേരും പാട്ടുകാരാണ്, ഫീല്‍ഡില്‍ ഉള്ളവരാണ്. അതൊക്കെ ഒന്ന് നിര്‍ത്തി തന്നാല്‍ വലിയ ഉപകാരമായിരിക്കും. അത്രേ എനിക്ക് പറയാനുള്ളൂ. സൈബര്‍ ആക്രമണം ഞാന്‍ നേരിടുന്നത് ആദ്യമായിട്ടാണ്. ഞാന്‍ ബഹുമാനം കാണിച്ചിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. പക്ഷേ അങ്ങനെ ഞാന്‍ ഒരിക്കലും കാണിച്ചിട്ടില്ല. ആളുകള്‍ പറയട്ടെ. ഭക്ത കബീറിനെപ്പോലും ജനങ്ങള്‍ വെറുതെ വിട്ടിട്ടില്ലല്ലോ. പിന്നെയാണോ ഈ ചെറിയ ഞാന്‍", രമേഷ് നാരായണ്‍ പറഞ്ഞുനിര്‍ത്തി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ