
തിയറ്ററുകളില്‍ റിലീസ് ചെയ്ത സമയത്ത് വിജയിക്കാതിരുന്ന ചില സിനിമകള്‍ പില്‍ക്കാലത്ത് ആവര്‍ത്തിച്ചുള്ള കാഴ്ചകളിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. എല്ലാ ഭാഷകളിലും അത്തരം ചിത്രങ്ങള്‍ ഉണ്ട്. പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് ഒരുക്കിയ രണം എന്ന ചിത്രം ഈ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. നിര്‍മല്‍ സഹദേവിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന രണം യുഎസിലെ ഡെട്രോയിറ്റ് പശ്ചാത്തലമാക്കിയ ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗിന് യുട്യൂബില്‍ ഇതുവരെ ലഭിച്ചത് 13 മില്യണ്‍ കാഴ്ചകളാണ്. ചിത്രത്തിന്‍റെ ഒരു രണ്ടാം ഭാഗം ചെയ്യാന്‍ തന്നെ സ്നേഹിക്കുന്നവരുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ നിര്‍മല്‍ സഹദേവ് അടക്കമുള്ള അണിയറക്കാര്‍ നല്‍കുന്നത് രണം 2 ന്‍റെ സൂചനകളാണെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.
ചിത്രത്തില്‍ പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് ചില വരികള്‍ നിര്‍മ്മല്‍ സഹദേവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇന്നലെ പങ്കുവച്ചിരുന്നു. പൃഥ്വിരാജ്, ചിത്രത്തിന് സംഗീതം പകര്‍ന്ന ജേക്സ് ബിജോയ്, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ് എന്നിവരെല്ലാം ഈ സ്റ്റോറി തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പങ്കുവച്ചിരുന്നു. രണം 2 വരുന്നു എന്നത് പറയാതെ പറയുന്ന സൂചനയാണ് ഇതെന്നാണ് പൃഥ്വിരാജ് ആരാധകര്‍ അടക്കമുള്ള സിനിമാപ്രേമികളുടെ പ്രതീക്ഷ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുമുണ്ട്.
ഡെട്രോയിറ്റില്‍ വളര്‍ന്ന അനാഥനായ മെക്കാനിക്ക് ആദിയായി പൃഥ്വിരാജ് എത്തിയ ചിത്രത്തില്‍ റഹ്‍മാന്‍, ഇഷ തല്‍വാര്‍, നന്ദു, അരുണ്‍ ബേബി മാത്യു, സെലിന്‍ ജോസഫ്, അശ്വിന്‍ കുമാര്‍, ജിജു ജോണ്‍, ശ്യാമപ്രസാദ്, ശിവജിത്ത് പദ്‍മനാഭന്‍, ജസ്റ്റിന്‍ ഡേവിഡ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. സാങ്കേതികമായി മികവ് പുലര്‍ത്തിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിഗ്‍മെ ടെന്‍സിംഗ് ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം