'ഓസ്‍ട്രേലിയ': മോഹൻലാല്‍ കാര്‍ റേസറായ സിനിമയുടെ കഥ

By Web TeamFirst Published Jul 9, 2021, 4:40 PM IST
Highlights

മോഹൻലാല്‍ നായകനായ 'ഓസ്‍ട്രേലിയ' എന്ന സിനിമയിലെ രംഗങ്ങള്‍ മറ്റൊരു ചിത്രത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു.

മോഹൻലാല്‍ ഒരു സ്‍പോര്‍ട്‍സ് സിനിമയില്‍ നായകനാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോക്സറുടെ വേഷത്തിലായിരിക്കും മോഹൻലാല്‍ അഭിനയിക്കുകയെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായിട്ടില്ല. മോഹൻലാല്‍ സ്‍പോര്‍ട്‍സ് സിനിമയില്‍ നായകനാകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസില്‍ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ തെളിഞ്ഞേക്കും. പൂര്‍ത്തിയാക്കുന്നതിന് മുന്നേ ഉപേക്ഷിക്കേണ്ടി വന്ന ഒരു സിനിമ. മോഹൻലാല്‍ കാര്‍ റേസറായി അഭിനയിച്ച് സ്‍പോര്‍ട്‍സ് ത്രില്ലറെന്ന വിശേഷണത്തോടെ എത്താനിരുന്ന ഓസ്‍ട്രേലിയ എന്ന ആ സിനിമയുടെ ഓര്‍മകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലിലൂടെ പങ്കുവയ്‍ക്കുകയാണ് സംവിധായകൻ രാജീവ് അഞ്ചല്‍.

വേഗമായിരുന്നു സിനിമയുടെ കഥയുടെ കേന്ദ്ര ബിന്ദു. വേഗതയെ അഗാധമായി പ്രണയിക്കുന്ന നായകൻ. അതേ അളവില്‍ വേഗതയെ ഭയക്കുന്ന നായിക. അവര്‍ തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഓസ്‍ട്രേലിയ എന്ന സിനിമ. ഇരുവരുടെയും മനോഹരമായ ഒരു പ്രണയകഥയായിരുന്നു ഓസ്‍ട്രേലിയയിലൂടെ പറയാൻ ഉദ്ദേശിച്ചിരുന്നതെന്നും രാജീവ് അഞ്ചല്‍ പറയുന്നു.

കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ചതുപോലുള്ള ഒരാളാണ് മോഹൻലാലിന്റെ കഥാപാത്രം. അയാളുടെ അമ്മ ഓസ്‍ട്രേലിയയിലാണ്. അച്ഛൻ മലയാളിയും. അന്ന് ഓസ്‍ട്രേലിയയിലൊക്കെയാണല്ലോ കാര്‍ റേസ്. കുട്ടിക്കാലം മുതലേ കാര്‍ റേസിംഗിന്റെ ഒരു ഫാൻ ബോയി ആണ് മോഹൻലാലിന്റെ കഥാപാത്രം. കാര്‍ റേസിംഗില്‍ പങ്കെടുക്കുകയെന്നതാണ് അയാളുടെ ജീവിത ലക്ഷ്യം. അയാള്‍ക്ക് ഇവിടെ പ്രണയമുണ്ട്. ബാംഗ്ലൂരിലാണ് കഥ നടക്കുന്നത്. ഫ്ലവര്‍ ഷോപ് നടത്തിപ്പുകാരിയാണ് അദ്ദേഹത്തിന്റെ കാമുകി. അവളാകട്ടെ കാര്‍ റേസിംഗില്‍ നിന്ന് എങ്ങനയെങ്കിലും നായകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമാണ്.

കാമുകിയുടെ ഭയം മാറാൻ വേണ്ടി അയാള്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയും മറ്റും ചെയ്യുന്നുണ്ട്. അങ്ങനെ ഒരു അപകടമുണ്ടാകുന്നു. അതില്‍ മുഖത്തൊക്കെ വലിയ പരുക്കുകളുണ്ടാകുന്നു. മുമ്പ് യക്ഷിയില്‍ സത്യൻ മാഷ് ചെയ്‍തതുപോലെയുള്ള ലുക്ക്. ഏറെ അഭിനയമുഹൂര്‍ത്തങ്ങളുള്ള കഥാപാത്രങ്ങളായിരുന്നു നായകന്റേയും നായികയുടേയും. വളരെ ആവേശത്തിലായിരുന്നു മോഹൻലാല്‍ സിനിമയില്‍ അഭിനയിക്കാൻ തുടങ്ങിയതും.

അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ഓസ്‍ട്രേലിയയുടെ ചിത്രീകരണം നടത്തിയത്. അക്കാലത്ത് പതിവില്ലാത്തതില്‍നിന്ന് വ്യത്യസ്‍തമായി നാല് ക്യാമറയൊക്കെ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. റിസ്‍കി ഷോട്ടുകള്‍ ചിത്രീകരിക്കാൻ താല്‍പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകൻ. അദ്ദേഹവുമൊരു സ്‍പോര്‍ട്‍സ് പ്രേമിയാണ്. വേറിട്ട ലുക്കിലായിരുന്നു മോഹൻലാല്‍ ആ രംഗങ്ങളില്‍ അഭിനയിച്ചതും. 

നടക്കാതെ പോയ സിനിമയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ ഓസ്‍ട്രേലിയ നടന്നില്ലെങ്കിലും അതിലെ  രംഗങ്ങള്‍ ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിന് കൂടുതല്‍ മിഴിവേകാൻ ഉപകരിച്ചുവെന്നതാണ് സത്യം.  ഓസ്‍ട്രേലിയയ്‍ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഞങ്ങള്‍ ഡിസൈൻ ചെയ്‍തിരുന്നു. ഓടുന്ന കാര്‍ അല്ല. നായകന്റെ വര്‍ക്ക് ഷോപ്പും ഒക്കെ ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. അത് ഞങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ  ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങളൊക്കെ  ഞങ്ങള്‍ ബട്ടര്‍ഫ്ലൈസിന് വേണ്ടി ഉപയോഗിച്ചു. ബട്ടര്‍ഫ്ലൈസിലെ നായകൻ കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്ലൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ഞങ്ങള്‍ ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്ത് വലിയ ഹിറ്റാകുകയും ചെയ്‍തു ബട്ടര്‍ഫ്ലൈസ്. സത്യം പറഞ്ഞാല്‍ 'ഓസ്‍ട്രേലിയ'യെ കുറിച്ച് ഞാൻ മറന്നേ പോയിരിക്കുന്നു. പിന്നീട് വന്ന ബട്ടര്‍ഫ്ലൈസ് ആണ് മനസില്‍- രാജീവ് അഞ്ചല്‍ പറഞ്ഞുനിര്‍ത്തി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!