
ജോൺ എബ്രഹാം നിർമ്മിച്ച 'മൈക്ക്' സിനിമയിലെ നായനായെത്തിയ രഞ്ജിത് സജീവിനെ തേടി സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് നവാഗത പ്രതിഭക്കുള്ള അവാർഡ്. മികച്ച പ്രേക്ഷക പ്രശംസകളോടെ തിയേറ്ററിലും ഒടിടിയിലും മുന്നേറിയ 'മൈക്കി'ല്‍ നവാഗതനായെത്തിയ രഞ്ജിത്ത് സജീവിന്റെ പ്രകടനം ശ്രേദ്ധേയമായിരുന്നു. 'മൈക്കി'ലെ പ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് രഞ്ജിത്തിന്റെ തേടിയെത്തിയത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാജിദ് യഹ്യ സംവിധാനം നിർവഹിക്കുന്ന 'കൽബി'ല്‍ നായകനായിട്ടാണ് രഞ്ജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഫ്രാൻസിസ് ഷിനിൽ ജോർജ് ഒരുക്കുന്ന 'മോദ'യില്‍ ദിലീഷ് പോത്തനോടൊപ്പം പ്രധാന വേഷത്തില്‍ രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്. ദുബായിയിൽ പഠിച്ചു വളർന്ന രഞ്ജിത് തുടർച്ചയായി മലയാളത്തില്‍ അവസരങ്ങളിൽ സന്തോഷവാനാണെന്നും തന്നെ പോലെ വളർന്നു വരുന്ന കലാകാരന്മാർക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് പോലെ ഒരു വലിയ ഒരു അംഗീകാരം ലഭിച്ചതിലുള്ള സന്തോഷവും 'കൽബി'ലെ ലൊക്കേഷനിൽ നിന്ന് പങ്കുവച്ചു.
2022ലെ മികച്ച സിനിമയ്ക്കുള്ള 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ശ്രീലാല്‍ ദേവരാജ്, പ്രേമ പി തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്‍ത 'ഹെഡ്‍മാസ്റ്റര്‍', കെഎസ്എഫ്‍ഡിസി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്‍ത 'ബി 32-44 വരെ' എന്നീ ചിത്രങ്ങള്‍ക്ക്. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം 'അറിയിപ്പ്'). 'അറിയിപ്പ്', 'ന്നാ താന്‍ കേസ് കൊട്', 'പകലും പാതിരാവും' എന്നിവയിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് (ചിത്രം 'ജയ ജയ ജയ ഹേ', 'പുരുഷപ്രേതം') മികച്ച നടി.
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ പി കുമാരന് സമ്മാനിക്കും. തെന്നിന്ത്യന്‍ ഭാഷാ സിനിമകളില്‍ 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞുനില്‍ക്കുന്ന കമല്‍ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. ഇക്കുറി 82 ചിത്രങ്ങളാണ് അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍ വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്‍ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും സമ്മാനിക്കും.
Read More: 'ശ്രീ മുത്തപ്പൻ' കണ്ണൂരിൽ, പ്രധാന കഥാപാത്രങ്ങളായി ജോയ് മാത്യുവും അശോകനും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ