
സിനിമയില്‍ ഉടനീളം ഒരു കഥാപാത്രം മാത്രം പ്രത്യക്ഷപ്പെടുന്ന ചിത്രമായിരുന്നു ജയസൂര്യ (Jayasurya) നായകനായ 'സണ്ണി' (Sunny). ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) എത്തിയ ചിത്രത്തില്‍ മറ്റു ചില കഥാപാത്രങ്ങളും ഉണ്ടെങ്കിലും അവര്‍ ഫോണ്‍ സംഭാഷണങ്ങളായും മറ്റുമാണ് ചിത്രത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ നായികാ കഥാപാത്രമായ 'നിമ്മി'യെ അവതരിപ്പിച്ചിരിക്കുന്നത് ശിവദയാണ് (Sshivada). ഈ കഥാപാത്രത്തിന്‍റെ ഫോണ്‍ നമ്പര്‍ എന്ന നിലയില്‍ ചിത്രത്തില്‍ ഒരു നമ്പര്‍ കാണിക്കുന്നുണ്ട്. ഈ നമ്പരിലേക്ക് നിരവധി പേരാണ് മെസേജ് അയക്കുന്നതെന്നും എന്നാല്‍ ഇത് തന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറുടെ നമ്പര്‍ ആണെന്നും രഞ്ജിത്ത് ശങ്കര്‍ (Ranjith Sankar) പറയുന്നു.
"സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എന്‍റെ അസിസ്റ്റന്‍റ് ആയ സുധീഷ് ഭരതന്‍റേതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക", രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ധാക്ക ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്പെയിനിലെ കല്ലേല ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് 'സണ്ണി'യില്‍ ജയസൂര്യ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. മറ്റു മനുഷ്യരിൽ നിന്ന് അകന്ന്, ഒരു ഹോട്ടൽ മുറിയിൽ ക്വാറന്‍റീനിൽ കഴിയുന്ന അദ്ദേഹം തന്‍റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഈ വൈകാരിക ശൂന്യത നികത്താൻ കഠിനമായി പരിശ്രമിക്കുമ്പോൾ, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തിൽ തെളിയുന്നു. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്ട്.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്. ജയസൂര്യയുടെ കരിയറിലെ നൂറാം ചിത്രവും രഞ്ജിത്ത് ശങ്കറിനൊപ്പമുള്ള ഏഴാമത്തെ ചിത്രവുമാണ് സണ്ണി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ