Vijay Babu : നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

By Web TeamFirst Published Apr 26, 2022, 10:10 PM IST
Highlights

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. നടനായി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയിൽ ജഡ്ജിയും പ്രൊസിക്യൂഷനും തമ്മിൽ വാഗ്വാദം

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നതിനെ ചൊല്ലി വിചാരണ കോടതിയില്‍ ജഡ്ജിയും പ്രോസിക്യൂഷനും തമ്മില്‍ വാഗ്വാദം. ദിലീപിന്‍റെ അഭിഭാഷകന്‍ രേഖാമൂലം നല്‍കിയ കോപ്പികള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും വിചാരണ കോടതി ജഡ്ജി പറഞ്ഞു. എന്നാല്‍ ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെനും കോടതി ജീവനക്കാരെ സ്വാധീനിച്ചോയെന്ന് അന്വേഷിക്കേണ്ടതാണെന്നും പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. 

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള മുന്നു ഹർജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതി രേഖകള്‍  പ്രതികളുടെ ഫോണിലെത്തിയതു സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നടപടിയില്ലാത്തത് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയത്.  എന്നാല്‍ രഹസ്യരേഖകളൊന്നും പുറത്തുപോയിട്ടില്ലെന്ന് കോടതി നിലപാടെടുത്തു. 

നിലവില്‍ പുറത്തുവന്നത് എ 1 ഡയറിയുടെ ഭാഗങ്ങളും ചണ്ഡിഗഡിലെ ലാബില്‍ ഡിജിറ്റല്‍ പരിശോധനക്കായി കോണ്ടുപോകാന്‍ അനുവദിച്ചുകെണ്ടുള്ള കോടതി ഉത്തരവുമാണ്. ഇതു രണ്ടും രഹസ്യരേഖയല്ല. പുറത്തുവന്ന രേഖയിലെ ഒപ്പ് വിചാരണകോടതി ജഡ്ജിയുടേതുമല്ല. ഈ രണ്ടു രേഖകളുടെയും പകർപ്പ്  പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ അപേക്ഷയില്‍  നല്‍കിയിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.  ഇതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍ കോടതി ജിവനക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസിന് എന്തധികാരമെന്നുചോദിച്ച കോടതി, ജീവനക്കാരുടെ കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും വ്യക്തമാക്കി.  എന്നാല്‍ രഹസ്യരേഖ ചോര്‍ന്നിട്ടുണ്ടെന്നും അതിന് കൂടുതല്‍ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.

click me!