
തെലുങ്ക് താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം ഫെബ്രുവരി 26 നാണ് നടന്നത്. പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ, വന്‍ ആരാധകവൃന്ദമുള്ള താരങ്ങളായതിനാല്‍ ഇവരുടെ വിവാഹം വലിയ വാര്‍ത്താപ്രാധാന്യവും സോഷ്യല്‍ മീഡിയ ട്രാക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ അതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ ഒരു വ്യാജ പ്രചരണത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മിക. രശ്മികയുടെ അമ്മയുടെ ഓഡിയോ ക്ലിപ്പ് എന്ന തരത്തില്‍ ചില സ്വകാര്യ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് നിയമ നടപടിയടക്കം സൂചിപ്പിച്ചുകൊണ്ട് രശ്മികയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
കന്നഡ താരം രക്ഷിത് ഷെട്ടിയുമായി 2017 ല്‍ നടന്ന രശ്മികയുടെ വിവാഹ നിശ്ചയത്തെക്കുറിച്ചും 2018 ല്‍ നടന്ന ബ്രേക്ക് അപ്പിനെക്കുറിച്ചുമുള്ള രശ്മികയുടെ അമ്മയുടെ സ്വകാര്യ സംഭാഷണം എന്ന രീതിയിലായിരുന്നു ഓഡിയോ പ്രചരിച്ചത്. രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ രശ്മികയുടെ അമ്മ സുമന്‍ മന്ദാന ഒരു കന്നഡ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നു. ഇതില്‍ നിന്ന് എടുത്ത ഓഡിയോ ആണ് പുതിയ സ്വകാര്യ സംഭാഷണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തനിക്കെതിരെ തെറ്റായ പ്രചരണങ്ങളും സോഷ്യല്‍ മീഡിയ ആക്രമണങ്ങളും നടക്കുകയാണെന്നും ഇനി ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
"ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് വച്ചിട്ട് തെറ്റായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു. വ്യൂസിനും റീച്ചിനും വേണ്ടി വെറുപ്പ് പതിന്മടങ്ങാക്കി വിതരണം ചെയ്തു. ഇതൊക്കെ എന്നെ വേദനിപ്പിച്ചിരുന്നെങ്കിലും ഞാന്‍ സംയമനം പാലിച്ചു. പൊതുസമൂഹത്തിന്‍റെ നോട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇതൊക്കെ നേരിടേണ്ടിവരുമെന്ന് ഞാന്‍ മനസിലാക്കി. എന്നോട് സത്യസന്ധത പുലര്‍ത്തി, സന്തോഷത്തോടെയാണ് ഞാന്‍ കഴിഞ്ഞത്. പക്ഷേ കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന കാര്യങ്ങള്‍ എല്ലാ സീമകളും ലംഘിക്കുന്നതാണ്. എട്ട് വര്‍ഷം മുന്‍പത്തേതെന്ന് കരുതപ്പെടുന്ന ഒരു സ്വകാര്യ സംഭാഷണം അതില്‍ ഉള്‍പ്പെട്ടവരുടെ അനുമതി കൂടാതെ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. അതിലെ ഒരു ഭാഗം സന്ദര്‍ഭത്തില്‍ നിന്ന് ബോധപൂര്‍വ്വം അടര്‍ത്തിയെടുത്ത് അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു വിവാദം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്.
അത് എന്‍റെ സ്വകാര്യ ജീവിതത്തിലെ പുതിയ കാര്യങ്ങളെയും സ്പര്‍ശിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്‍റെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും അസ്വസ്ഥതയിലേക്ക് തള്ളിവിടുന്നു. ഇത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇത്തരം ആക്രമണങ്ങള്‍ എനിക്കെതിരെ മാത്രമായിരുന്നു. അതിനാല്‍ ഞാന്‍ നിശബ്ദത പാലിച്ചു. എന്നാല്‍ ഇന്ന് മറ്റുള്ളവര്‍ക്ക് നേരെയും അത് ഉണ്ടാവുമ്പോള്‍ എനിക്ക് നിശബ്ദത പാലിക്കാനാവില്ല. ഒരു അതിര് നിര്‍വചിക്കുകയാണ് ഞാന്‍. പ്രസ്തുത ഉള്ളടക്കവും അനുബന്ധ വ്യാഖ്യാനങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് എല്ലാ മാധ്യമങ്ങളോടും ഇന്‍ഫ്ലുവന്‍സേഴ്സിനോടും വ്യക്തികളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയമുണ്ട്. അത് ചെയ്യാത്തപക്ഷം നാളെ മുതല്‍ അനുയോജ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്", രശ്മിക മന്ദാന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ