
മലയാളത്തില്‍ നിന്ന് മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി റീ റിലീസിന്. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അച്ഛനും മകനുമായ ഇരട്ട വേഷത്തില്‍ എത്തിയ 2001 ചിത്രം രാവണപ്രഭുവാണ് 24 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് ചിത്രം വീണ്ടും എത്തുന്നത്. റീ റിലീസ് വേണമെന്ന് മോഹന്‍ലാല്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ള ചിത്രവുമാണ് ഇത്. ഈ വെള്ളിയാഴ്ചയാണ് (10) ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ അതിന് മുന്നോടിയായി ചിത്രത്തിന്‍റെ റീ റിലീസ് ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റചിത്രം കൂടിയായിരുന്നു രാവണപ്രഭു. തന്‍റെ തന്നെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തി കള്‍ട്ട് സ്റ്റാറ്റസ് നേടിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അയാളുടെ മകനൊപ്പം അവതരിപ്പിക്കുകയായിരുന്നു സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ രഞ്ജിത്ത്. വന്‍ വിജയവുമായിരുന്നു റിലീസ് സമയത്ത് രാവണപ്രഭു. ചിത്രത്തിലെ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളും നീലകണ്ഠന്‍റെ ഇമോഷണല്‍ രംഗങ്ങളുമൊക്കെ കാണികള്‍ ഏറ്റെടുത്തു. മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളില്‍ പലതും ഇപ്പോഴും റീലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തില്‍ റീ റിലീസില്‍ വിജയിച്ച പല ചിത്രങ്ങളുടെയും റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും റീമാസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലയാളത്തിലെ റീ റിലീസുകളില്‍ തിയറ്ററില്‍ ഏറ്റവും ഓളം സൃഷ്ടിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ഛോട്ടാ മുംബൈക്ക് പിന്നാലെ മലയാളത്തില്‍ നിന്ന് എത്തുന്ന റീ റിലീസ് ആണ് രാവണപ്രഭു. ഛോട്ടാ മുംബൈ കൂടാതെ മോഹന്‍ലാലിന്‍റെ മറ്റ് മൂന്ന് ചിത്രങ്ങള്‍ ഇതിനകം റീ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. അതില്‍ സ്ഫടികം ആണ് സമീപവര്‍ഷങ്ങളിലെ റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ നിന്ന് ആദ്യം എത്തിയത്. പിന്നാലെ ദേവദൂതനും മണിച്ചിത്രത്താഴും എത്തി. ഉദയനാണ് താരം എന്ന ചിത്രവും ഇത്തരത്തില്‍ റീ റിലീസിന് ഒരുങ്ങുന്നുണ്ട്.