ഇന്ത്യയില്‍ വിലക്ക് നേരിട്ട ചിത്രം ഒടുവില്‍ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

Published : Oct 08, 2025, 07:57 PM IST
SANTOSH movie which is banned by cbfc get ott release through lionsgate play

Synopsis

ഒരു ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ഈ ക്രൈം ഡ്രാമ, കാനിൽ പ്രീമിയർ ചെയ്യുകയും ബ്രിട്ടന്‍റെ ഓസ്‍കര്‍ എൻട്രിയാവുകയും ചെയ്തിരുന്നു.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ പലകുറി ഇടംപിടിച്ച ചിത്രം ഒടുവില്‍ ഒടിടിയിലേക്ക്. ബ്രിട്ടീഷ്- ഇന്ത്യന്‍ ഫിലിം മേക്കര്‍ സന്ധ്യ സൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച സന്തോഷ് എന്ന ഹിന്ദി ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം ബ്രിട്ടന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയുമായിരുന്നു. പൊലീസ് പ്രൊസിജ്വറല്‍ ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഷഹാന ഗോസ്വാമിയും സുനിത രാജ്വാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാനിലെ പ്രദര്‍ശനത്തിന് ശേഷം ലോകത്തിന്‍റെ പല ഭാഗങ്ങളിലെ ചലച്ചിത്രോത്സവങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും കൈയടി നേടുകയും ചെയ്തിരുന്നു.

ഭര്‍ത്താവിന്‍റെ മരണശേഷം പൊലീസ് സേനയിലെ അദ്ദേഹത്തിന്‍റെ ജോലി സ്വീകരിക്കുന്ന യുവതിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരു ദളിത് പെണ്‍കുട്ടിയുടെ ബലാല്‍സംഗവും കൊലപാതകവും അന്വേഷിക്കാനുള്ള ടീമിലേക്ക് ഈ യുവതിയും നിയോഗിക്കപ്പെടുന്നതോടെയുള്ള സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ജാതീയമായ കുറ്റകൃത്വങ്ങളെക്കുറിച്ചും ഇന്ത്യയിലെ പൊലീസിംഗിനെക്കുറിച്ചും അന്വേഷിക്കുകയാണ് സന്തോഷിലൂടെ സംവിധായിക. കഴിഞ്ഞ വര്‍ഷാവസാനമോ ഈ വര്‍ഷം ആദ്യമോ ഇന്ത്യയിലെ തിയറ്റര്‍ റിലീസ് അണിയറക്കാര്‍ പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് ഇത്.

എന്നാല്‍ അത് സാധിച്ചില്ല. നിരവധി കട്ടുകളോടെയല്ലാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് സിബിഎഫ്സി നിലപാട് എടുക്കുകയായിരുന്നു. ഈ നിലപാട് ചിത്രത്തിനുള്ള നിരോധനമാണെന്നാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുനിത രാജ്വാര്‍ നേരത്തെ പിടിഐയോട് പ്രതികരിച്ചത്. ഞങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നതെങ്കിലും പ്രേക്ഷകര്‍ക്ക് ഒന്ന് കാണാന്‍ കഴിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചിത്രം നിരോധിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ (അണിയറക്കാര്‍) ശ്രമിക്കുന്നുണ്ട്. പക്ഷേ സെന്‍സര്‍ ബോര്‍ഡ് വലിയ തോതിലുള്ള എഡിറ്റ് ആണ് ആവശ്യപ്പെടുന്നത്. അത് സാധ്യവുമല്ല, സുനിത രാജ്വാര്‍ പറഞ്ഞിരുന്നു.

ചിത്രത്തിലെ പൊലീസ് ക്രൂരത, ജാതിപരമായ വേര്‍തിരിവ്, പുരുഷാധിപത്യം എന്നിവയുടെ ദൃശ്യാവിഷ്കരണം ചൂണ്ടിക്കാട്ടിയാണ് സിബിഎഫ്സി പ്രദര്‍ശനാനുമതിയെ എതിര്‍ത്തത്. ഗുഡ് കയോസ്, സിനിഫ്രാന്‍സ് സ്റ്റുഡിയോസ്, മെറ്റ്ഫിലിം പ്രൊഡക്ഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ ലയണ്‍സ്ഗേറ്റ് പ്ലേയിലൂടെ ഒക്ടോബര്‍ 17 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ