Latest Videos

സീരിയലില്‍ മാത്രമല്ല ജീവിതത്തിലും നായകനായി രവി വള്ളത്തോള്‍

By Web TeamFirst Published Apr 25, 2020, 7:24 PM IST
Highlights

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് താങ്ങാവുകയായിരുന്നു മക്കളില്ലാത്ത രവി വള്ളത്തോളും ഭാര്യ ഗീതാലക്ഷ്‍മിയും.

മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട നടനായിരുന്നു രവി വള്ളത്തോള്‍. ദൂരദര്‍ശന്റെ തുടക്കകാലം മുതലെ തന്നെ സീരിയലുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടൻ. ഇന്ന് തിരുവനന്തപുരത്ത് വഴുതക്കാട്ടിലെ വീട്ടില്‍ വെച്ചായിരുന്നു രവി വള്ളത്തോളിന്റെ മരണം. സീരിയലിനു പുറമേ ഒട്ടേറെ സിനിമകളിലും രവി വള്ളത്തോള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. അഭിനയത്തിനു പുറമേ കുട്ടികള്‍ക്ക് വേണ്ടി തണല്‍ എന്ന സ്‍കൂളും നടത്തിക്കൊണ്ടാണ് രവി വള്ളത്തോള്‍ യഥാര്‍ഥ ജീവിതത്തിലും നായകനായത്.

പ്രമുഖ നാടകകൃത്ത് ടി എൻ ഗോപിനാഥൻ നായര്‍- സൌദാമിനി ദമ്പതിമാരുടെ മകനായിട്ടായിരുന്നു രവി വള്ളത്തോളിന്റെ ജനനം. കവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനുമാണ്. ഗീതാ ലക്ഷ്‍മിയാണ് ഭാര്യ. രവി വള്ളത്തോള്‍- ഗീതാലക്ഷ്‍മി ദമ്പതിമാര്‍ക്ക് മക്കളുണ്ടായില്ല. അക്കാര്യം മറക്കാൻ കുട്ടികള്‍ക്കായി ഒരു കേന്ദ്രം തന്നെ തുടങ്ങുകയായിരുന്നു അവര്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കാണ് ഇവര്‍ താങ്ങായത് എന്നതും എടുത്തുപറയണം. സാധാരണ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‍കൂള്‍ എന്തുകൊണ്ട് ആലോചിച്ചില്ല എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ രവി വള്ളത്തോള്‍ മറുപടി പറയുന്നു. അച്ഛൻ ഉള്ള കാലത്ത് ഭാര്യ ആണ് ഇക്കാര്യം ആദ്യം പറയുന്നത്. അപ്പോള്‍ അച്ഛൻ ചോദിച്ചതാണ് സാധാരണ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‍കൂള്‍ ആലോചിച്ചുകൂടെയെന്ന്. സാധാരണ കുട്ടികള്‍ക്ക് എല്ലാവരും ഉണ്ട്. ഇങ്ങനെ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആരുമില്ല എന്നായിരുന്നു ഭാര്യയുടെ മറുപടി എന്നും രവി വള്ളത്തോള്‍ പറഞ്ഞു. 14 വര്‍ഷമായി അങ്ങനൊരു ചാരിറ്റി സംഘടന തുടങ്ങിയിട്ട്. അഭിനയവും അവാര്‍ഡുകളിലൊന്നുമില്ല പുണ്യം. അതൊക്കെ എല്ലാവരും മറക്കും. ഇതാണ് പുണ്യം. തന്റെയും ഗീതയുടെയും ജന്മത്തിന് ദൈവം തന്ന പുണ്യം. ഭാര്യയാണ് എല്ലാക്കാര്യവും നോക്കിനടത്തുന്നതെന്നും രവി വള്ളത്തോള്‍ അഭിമുഖത്തില്‍ പറയുന്നു.

മറ്റാരുടെയും സഹായമില്ലാതെയാണ് കുറെക്കാലം തണല്‍ നടത്തിയത്. അക്കാലത്ത് സീരിയലുകളില്‍ ഇഷ്‍ടമല്ലാത്ത റോളുകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. ആവര്‍ത്തിച്ചിട്ടുള്ള റോളുകള്‍. അത് തണല്‍ നടത്തിക്കൊണ്ടുപോകാനായിരുന്നു. ഒരുപാട് സീരിയലുകള്‍ അങ്ങനെ ചെയ്‍തിട്ടുണ്ടെന്നും രവി പള്ളത്തോള്‍ പറഞ്ഞിരുന്നു.

മക്കളില്ലല്ലോ, ഗുരുവായൂരില്‍ കരഞ്ഞ് പ്രാര്‍ഥിച്ചിരുന്നോവെന്ന് എന്നോട് ഒരാള്‍ ചോദിച്ചിരുന്നു. ഇല്ല. ജനിച്ചപ്പോഴേ മേല്‍വിലാസം ഉണ്ടായ ആളാണ് ഞാൻ. ഇത്രയും നല്ല അച്ഛനെയും അമ്മയെയും തന്നു. അച്ഛന്റെ നാടകങ്ങള്‍ ഒക്കെ വാങ്ങിക്കാൻ സത്യൻ, നസീര്‍ ഒക്കെ വരുമായിരുന്നു. വള്ളത്തോള്‍ നാരായണ മേനോൻ ഒക്കെ വീട്ടില്‍ വന്നാല്‍ വെണ്ണിക്കുളവും ഒളപ്പമണ്ണയും ഒക്കെ വരും. വലിയ സാഹിത്യ അക്കാദമി പോലെയാകും.  അതില്‍ ഒന്നും ഭ്രമം ഉണ്ടായിരുന്നില്ല. ഇത്രയും നല്ല പശ്ചാത്തലം നല്‍കിയത് വല്ലതും ചോദിച്ചതുകൊണ്ടാണോ. എന്നെ എപ്പോഴും അദ്ദേഹം സംരക്ഷിക്കുന്നുണ്ട്. ഭഗവാൻ അറിഞ്ഞുകൊണ്ടുതന്നെയാണ് എനിക്ക് എല്ലാ കാര്യവും നല്‍കിയത് എന്നായിരുന്നു താൻ മറുപടി പറഞ്ഞത്. തന്റെ ആത്മീയഗുരു സദ്‍ഗുരും രമാദേവി അമ്മയാണ് തനിക്ക് താണും തണലുമായത് എന്നും രവി വള്ളത്തോള്‍ പറഞ്ഞിരുന്നു.

ഒരുപാട് സിനിമകള്‍ പണ്ടൊക്കെ വിളിച്ചിട്ടും പിന്നീട് കിട്ടാതിരുന്നിട്ടുണ്ട്.  പക്ഷേ ഒട്ടും സങ്കടമില്ല. ആരോടും വിരോധം വച്ചു പുലര്‍ത്താറില്ല. എനിക്ക് കിട്ടാനുള്ളത് എനിക്കും കിട്ടും എന്ന ചിന്തയായിരുന്നുവെന്നും രവി വള്ളത്തോള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിനയത്തിനു പുറമേ ഇരുപത്തിയഞ്ചോളം ചെറുകഥകളും എഴുതിയ രവി വള്ളത്തോള്‍ ഗാനരചയിതാവായിട്ടായിരുന്നു ആദ്യമായി സിനിമയുടെ ഭാഗമായത്. 1976ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് താഴ്‍വരയില്‍ മഞ്ഞുപെയ്‍തു എന്ന ഗാനമാണ് രവി വള്ളത്തോള്‍ എഴുതിയത്.

click me!