
സമീപകാലത്ത് റിലീസ് ചെയ്ത് മലയാള സിനിമാ മേഖലയിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് 'ആർഡിഎക്സ്'. ആക്ഷൻ ത്രില്ലർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ ഷെയ്ൻ നിഗവും ആന്റണി വർഗീസും നീരജ് മാധവും കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബാബു ആന്റണി എന്ന ആക്ഷൻ കിങ്ങിന്റെ ഫൈറ്റ് സീൻസ് കണ്ട് തിയറ്ററുകൾ ഹർഷാരവം കൊണ്ട് നിറഞ്ഞു. ഒപ്പം വന്ന റിലീസുകളെയും ശേഷം വന്ന സിനിമകളെയും പിന്നിലാക്കി ബോക്സ് ഓഫീസിലും ആർഡിഎക്സ് തേരോട്ടം തുടർന്നു. മുൻവിധികളെ മാറ്റി മറിച്ച ചിത്രം നിലവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
സെപ്റ്റംബർ 24ന് ആർഡിഎക്സ് ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങും. അതായത് ഇന്ന് അർദ്ധരാത്രി 12 മണി മുതൽ ആണ് സ്ട്രീമിംഗ് നടക്കുക. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം വിറ്റുപോയിരുന്നു. ഓഗസ്റ്റ് 25നായിരുന്നു ആർഡിഎക്സ് തിയറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്.
അതേസമയം, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കളക്ഷൻ ലിസ്റ്റിലും ആർഡിഎക്സ് ഇടംനേടി കഴിഞ്ഞു. ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തെ പിന്നാലാക്കി ആണ് ചിത്രം ഈ നേട്ടം കൊയ്തത്. നിലവിൽ ആർഡിഎക്സിന് മുന്നിലുള്ളത് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതേസമയം, ഇതുവരെയുള്ള കളക്ഷൻ കണക്ക് പ്രകാരം 84 കോടി അടുപ്പിച്ച് ആർഡിഎക്സ് നേടിയിട്ടുണ്ട്.
മമ്മൂട്ടിയുടെ അത്രപോലും ഡാൻസ് എനിക്കറിയില്ല, റൊമാന്റിക് ഹീറോ ആ നടൻ: മധു പറയുന്നു
സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നിവരുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. ഫാമിലി- റിവഞ്ച് ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം നിർമിച്ചത് സോഫിയ പോൾ ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ലാൽ, മഹിമ നമ്പ്യാർ, നിഷാന്ത് സാഗർ, മാലാ പാർവതി തുടങ്ങി നിരവധി താരങ്ങളും ആർഡിഎക്സിന്റെ ഭാഗമായിരുന്നു. എന്തായാലും ബിഗ് സ്ക്രീനിൽ കസറിയ ചിത്രം ഒടിടിയിലൂടെ വീണ്ടും കാണാനുള്ള ആവേശത്തിലാണ് സിനിമാസ്വാദകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..