മമ്മൂട്ടിയുടെ അത്രപോലും ഡാൻസ് എനിക്കറിയില്ല, റൊമാന്റിക് ഹീറോ ആ നടൻ: മധു പറയുന്നു
പുതിയ സിനിമകളൊന്നും മനസിലാകുന്നില്ല. നമ്മൾ പഴഞ്ചനായത് കൊണ്ടാണോ എന്നറിയില്ലെന്നും മധു.

നവതിയുടെ നിറവിൽ നിൽക്കുകയാണ് മലയാളത്തിന്റെ അതുല്യ കലാകാരൻ മധു. മലയാള സിനിമയുടെ ശൈശവം മുതൽ സ്ക്രീനിൽ തെളിഞ്ഞ അദ്ദേഹം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. നവതിയുടെ നിറവിൽ നിൽക്കുന്ന മധുവിന് ആശംസയുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ, സിനിമയിൽ അഭിനയിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, പിന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന പ്രശ്നം ഉണ്ടാകുമെന്നും രണ്ട് മൂന്ന് ദിവസം കൊണ്ട് അതെല്ലാം ശരിയാകുമെന്നും പറയുകയാണ് മധു.
ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിയുമ്പോൾ തന്നെ സിനിമ എന്താണ് എന്ന് മനസിലാകും. പിന്നെ അതനുസരിച്ചങ്ങ് പോകും. അഭിനയിച്ച സിനിമകളിൽ ഇഷ്ടപ്പെട്ട ധാരാളം സിനിമകൾ ഉണ്ടെന്നും മധു പറയുന്നു. കുട്ടിക്കുപ്പായം, ഭാർഗവീനിലയം, ചെമ്മീൻ, സ്വയംവരം അങ്ങനെ പോകുന്നു ആ സിനിമകൾ. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താരങ്ങൾ തമ്മിലുള്ള താരതമ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, "ഒരു കഥാപാത്രത്തെ മനസിലാക്കി അത് ഉൾകൊണ്ടു കൊണ്ടാണ് അഭിനയിക്കുന്നത്. മറ്റൊരാളെക്കാൾ മുകളിലോ താഴയോ പോകാൻ അല്ല. മമ്മൂട്ടിയുടെ അത്രപോലും ഡാൻസ് കളിക്കാൻ എനിക്കറിയില്ല. പാട്ടുപാടാനും അറിയില്ല. ഞാൻ കണ്ടതിൽ റൊമാന്റിക് ഹീറോ എന്നത് നസീർ ആണ്. അദ്ദേഹത്തിന്റെ അഭിനയം അത്രത്തോളം അട്രാക്ടീവ് ആണ്", എന്നായിരുന്നു മധുവിന്റെ മറുപടി.
പുതിയ കാലഘട്ടത്തെ സിനിമകളെ കുറിച്ചും മധു സംസാരിക്കുന്നുണ്ട്."പുതിയ സിനിമകളൊന്നും മനസിലാകുന്നില്ല. നമ്മൾ പഴഞ്ചനായത് കൊണ്ടാണോ എന്നറിയില്ല. പത്ത് പതിനഞ്ച് മിനിറ്റ് കണ്ട് കഴിയുമ്പോൾ കഥാപാത്രങ്ങളും കഥയും തമ്മിലുള്ള ബന്ധങ്ങൾ മനസിലാവില്ല. റെക്കോർഡിങ്ങുകൾ ശ്രദ്ധിക്കാത്തത് കാരണം സംഭാഷണങ്ങൾ കേൾക്കാൻ വയ്യ. പാട്ടുകൾ കേൾക്കാനാവുന്നില്ല. അപ്പോൾ പൊതുവിൽ നമുക്ക് സിനിമയോടുള്ള താല്പര്യം കുറയും", എന്നാണ് മധു പറയുന്നത്.
ക്രിക്കറ്റ്- മോളിവുഡ് 'പുലികൾ' ഒറ്റ ഫ്രെയിമിൽ; മോഹൻലാലും ധോണിയും ഒന്നിച്ചത് എന്തിന് ?