
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതില്‍ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം എന്നാണ് രണ്‍ജി പണിക്കര്‍ പ്രതികരിച്ചത്. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
രണ്‍ജി പണിക്കരുടെ വാക്കുകള്‍
കോടതി ഉത്തരവ് വായിച്ചിട്ടില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്, വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ?. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ്?. രാജ്യത്ത് പോലീസുകാർ കള്ള തെളിവുകൾ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ? മാധ്യമങ്ങൾക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ?. മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്. മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് പറ്റിയിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാൻ സംഘടനകൾക്ക് അവകാശമുണ്ട്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാറിന് അവകാശമുണ്ട്.
കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‍താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
പ്രതികളും ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ