
ഭാഷാഭേദമെന്യെ സിനിമാ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. സൂര്യ എന്ന നടന്റെ അഭിനയജീവിതത്തിലെ വൻ വഴിത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. അസിൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് എ ആർ മുരുഗദോസ് ആണ്. ഇപ്പോഴിതാ ഗജനി ഇറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
എ ആർ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനുമായി ചർച്ചകൾ നടത്തിയെന്നും അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നുമാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ഇത് മൂന്നാം തവണയാണ് സൂര്യ -മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത്. 'ഏഴാം അറിവ്' എന്ന ചിത്രവും മുരുഗദോസ് ആണ് സംവിധാനം ചെയ്തത്.
2005ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രമാണ് ഗജനി. സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ അസിനും നയൻതാരയുമാണ് നായികമാരായി എത്തിയത്. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നയൻതാര സിനിമയുടെ ഭാഗമാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദിയില്‍ ആമിര്‍ ഖാന്‍ ആയിരുന്നു നായകനായി എത്തിയത്.
'ഞങ്ങളുടെ ഉയിരും ഉലകവും'; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ
അതേസമയം, കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ ഒടുവിൽ അഭിനയിച്ചത്. റോളക്സ് എന്ന അതിഥി വേഷത്തിൽ എത്തി സൂര്യ ചിത്രത്തിൽ വളരെ വലിയൊരു പങ്കുതന്നെ വഹിച്ചിരുന്നു. ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും സൂര്യ അർഹനായിരുന്നു. മികച്ച നടനുള്ള അവാർഡ് ആണ് സൂര്യക്ക് ലഭിച്ചത്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദരം.