
ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'ഒറ്റ'. ബിസിനസ്മാൻ എസ്. ഹരിഹരന്‍റെ ജീവിതകഥയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, ഇന്ദ്രജിത്ത്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തെ ഹരിഹരന്‍റെ ജീവചരിത്രമായല്ല കാണേണ്ടതെന്നും ഒരു സിനിമാറ്റിക് അംശം അതിലുണ്ടെന്നും പറയുകയാണ് റസൂല്‍ പൂക്കുട്ടി.
ഹരിഹരന്‍റെ അനുഭവക്കുറിപ്പുകള്‍, ഞങ്ങളുടെ സംഭാഷണങ്ങള്‍, അദ്ദേഹത്തിന്‍റെ ആശയാഭിലാഷങ്ങള്‍ എന്നിവയെല്ലാം കൂട്ടിചേര്‍ത്ത് ഒരുക്കിയ ഒരു കഥ ഇതിലുണ്ട്. ചിത്രത്തിൽ പറയുന്ന പല സംഭവങ്ങളും നടന്നതാണെന്നും കഥാപാത്രങ്ങള്‍ക്കും കഥാലോകത്തിനും അതിന്‍റേതായ ഒരസ്ഥിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. റസൂല്‍ പൂക്കുട്ടിയുമായുള്ള അഭിമുഖം വായിക്കാം.
സംവിധാനം ആഗ്രഹിച്ചത്...
സിനിമ ചെയ്യാന്‍ വേണ്ടിയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചത്. അന്നേയുള്ള ആഗ്രഹമാണ്. അന്ന് അവിടെ കയറാനുള്ള എളുപ്പമാര്‍ഗമായാണ് സൗണ്ടിനെ കണ്ടത്.
'ഒറ്റ'യുടെ സിനിമയുടെ തുടക്കം...
ജ്യേഷ്ഠന്‍റെ ഒരു സുഹൃത്താണ് ബിസിനസ്മാൻ എസ്. ഹരിഹരനെ പരിചയപ്പെടുത്തിയത്. നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ തന്‍റെ ജീവിതകഥ പറയുന്ന പുസ്തകം തന്നു. അതില്‍ ഒരു സിനിമയുണ്ടോ എന്ന ചോദ്യം സുഹൃത്തും താക്കോല്‍ സിനിമയുടെ ഡയറക്ടറുമായ കിരണ്‍ പ്രഭാകറുമായി ഞാന്‍ പങ്കുവച്ചു. അതില്‍ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഉള്ളടക്കമുണ്ടോ അതില്‍നിന്ന് അവര്‍ക്ക് എന്തെങ്കിലും വീട്ടിലേക്കു കൊണ്ടുപോകാനാകുമോ...അത്തരം അന്വേഷണങ്ങള്‍ക്കൊടുവില്‍ കിരണ്‍ എഴുതിയ സ്‌ക്രിപ്റ്റില്‍ നിന്നാണ് ഒറ്റ ഉടലെടുക്കുന്നത്. ചിതറിക്കിടന്ന ഒരു ജീവിതത്തെ ക്രമപ്പെടുത്തുക എന്നതായിരുന്നു ചലഞ്ച്.
ഒളിച്ചോടിപ്പോകുന്ന കുട്ടികളുടെ കഥയാണോ...
ഒളിച്ചോടിപ്പോകുന്ന കുട്ടികള്‍ എന്നതല്ല. ഫിസിക്കലി പോകണമെന്നില്ലല്ലോ. മാനസികമായി എങ്ങനെയെങ്കിലും ഈ സ്ഥലത്തുനിന്നു മാറിനിന്നാല്‍ മതി എന്ന തോന്നലുണ്ടാകാം. ഏറെ വൈകാരികമായ ഒരവസ്ഥാ വിശേഷമാണത്. മറ്റൊരു സ്ഥലത്തുപോയി നേടുന്ന അനുഭവങ്ങളാവും ഒരു മാര്‍ഗം തുറക്കുക. അത്തരം മാര്‍ഗം തേടിയുള്ള യാത്രയുമാവാം ഒറ്റ. ഇതിലെ ഏതെങ്കിലും സംഭവം നമ്മുടെ ജീവിതത്തില്‍ നടന്നതാവാം. അത്തരം അനുഭവങ്ങള്‍ കേട്ടുപരിചയമുണ്ടാവാം, അനുഭവസ്ഥരെ നമുക്കറിയാം. ഈ തിരിച്ചറിയലാണ് ഒറ്റയുടെ വിജയം.
ഒറ്റ എന്ന ടൈറ്റില്‍...
തിരിഞ്ഞുനോക്കുമ്പോള്‍ ഹരിഹരന്‍ ജീവിതവിജയം നേടിയ വ്യക്തിയാണ്. യൂസഫ്അലി, എലോൺ മസ്‌ക്, സ്റ്റീവ് ജോബ്സ്, ബില്‍ഗേറ്റ്‌സ്... ജീവിതവിജയം നേടിയവരെല്ലാം ഒറ്റയാന്‍മാരായിരുന്നു. മറ്റുള്ളവര്‍ വെട്ടിയ പാതയിലൂടെ പോകാതെ അവരുടേതായ പാത വെട്ടിത്തെളിച്ചവര്‍. ആ അര്‍ഥത്തിലാണ് ഒറ്റ എന്ന ടൈറ്റില്‍. പേരു നിര്‍ദേശിച്ചത് റഫീക് അഹമ്മദ്.
ഏതുതരം പ്രേക്ഷകര്‍ക്ക്...
ഓരോ അച്ഛനും അമ്മയും മകനും മകളും കാണേണ്ട സിനിമയാണിത്. കുട്ടികള്‍ക്ക് ഏറ്റവുമധികം സ്വാതന്ത്ര്യത്തോടെ സംസാരിക്കാനാകുന്നത് അച്ഛനമ്മമാരോടാണ്. നിങ്ങള്‍ കാണാന്‍ മറന്നുപോയ ഒരു സ്വാതന്ത്ര്യമാണ് നിങ്ങളുടെ കുട്ടികള്‍ നിങ്ങളോടു കാണിക്കുന്നത്. അതു വഴക്കു കൂടുന്നതിലാവാം, സ്വന്തം താത്പര്യങ്ങള്‍ പറയുന്നതിലാവാം, തങ്ങളുടെ ഭാവി എങ്ങനെ വേണമെന്ന ശാഠ്യത്തിലാവാം. തങ്ങളോടു മാത്രമേ മക്കള്‍ക്കിങ്ങനെ പറയാൻ പറ്റൂ എന്നു മനസിലാക്കാതെ അവന്‍ താന്തോന്നിയാണ് എന്നൊക്കെ അച്ഛനമ്മമാര്‍ അതു തെറ്റായി വ്യാഖ്യാനിക്കും. അത് അനിര്‍വചനീയമായ അനന്തരഫലങ്ങളിലെത്താറുണ്ട്. അത്തരം അനുഭവങ്ങളുടെ പൂക്കള്‍ കോര്‍ത്തിണക്കിയ മാലയാണ് ഒറ്റ.
ആരാണ് ഒറ്റയിലെ നായകന്‍...
ആസിഫിന്‍റെ ഹരി കേന്ദ്രകഥാപാത്രം. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, രോഹിണി, സത്യരാജ് തുടങ്ങിയവര്‍ക്കും പ്രാധാന്യമുണ്ട്. ഹരി, ഹരിയുടെ അപ്പ, അമ്മ, സുഹൃത്ത് രാജു...ഓരോ കഥാപാത്രത്തെയും വിശകലനം ചെയ്തപ്പോള്‍ മനസില്‍ വന്ന മുഖങ്ങള്‍ തേടിപ്പോയി. കഥ ആവശ്യപ്പെട്ടതാണ് ഈ കാസ്റ്റിംഗ്. സ്‌പെഷല്‍ ഷോ കണ്ട ചിലര്‍ ഇതു സത്യരാജിന്‍റെ സിനിമയാണെന്നു പറഞ്ഞപ്പോള്‍ സന്തോഷമായി. നിങ്ങള്‍ ആരുടെ കൂടെയാണോ ഇത് അവരുടെ ഫിലിമായി നിങ്ങള്‍ക്കു തോന്നും.
ഈ സിനിമയിലെ ചലഞ്ച്....?
ഈ സിനിമ തന്നെ വലിയ ചലഞ്ചായിരുന്നു. ഷൂട്ടിംഗ് തുടങ്ങി നാലാം ദിവസം ഞാന്‍ സെറ്റില്‍ ഡെങ്കിപിടിച്ചു വീണു. 22 ദിവസം ആശുപത്രിയിലായി. 45 ദിവസം കഴിഞ്ഞാണ് സെറ്റില്‍ തിരിച്ചെത്തിയത്. അപ്പോഴേക്കും പല ഇന്‍ഡസ്ട്രികളിലുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് സംഘടിപ്പിച്ച് 70 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ സിനിമ തീര്‍ക്കുക വലിയ ചലഞ്ചായിരുന്നു.
ഡയറക്ഷന്‍ പഠിപ്പിച്ചത്...
ജീവിതത്തില്‍ കുറച്ചുകൂടി ക്ഷമ വേണമെന്നു പഠിപ്പിച്ചു. കാരണം, ലൈറ്റ് ബോയ് മുതല്‍ മുതല്‍ ഹീറോ അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ വരെയുള്ളവരോട് ഓരോ നിമിഷവും ക്യാപ്റ്റന്‍ ഓഫ് ദ ഷിപ്പ് എന്ന നിലയില്‍ പ്രചോദനപരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. അതിന് ഏറ്റവും ആവശ്യം ക്ഷമയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ജോലിയില്‍ അവരുടെ സ്വത്വം പ്രതിഫലിക്കില്ല.
പൊളിറ്റിക്കല്‍ കറക്ട്‌നെസ് സംവിധായകന്‍റെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണല്ലേ...?
അങ്ങനെ അഭിപ്രായമില്ല. പക്ഷേ, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചില കാര്യങ്ങള്‍ എനിക്കു സിനിമയില്‍ കാണിക്കണം, ചിലത് കാണിക്കേണ്ട. കലാപരമായ ഏതൊരു ജോലിയിലും സ്വാതന്ത്ര്യത്തിനൊപ്പം ചില നിയന്ത്രണങ്ങളുമുണ്ടാവും. കാമറ ഒരു പ്രത്യേക ഇടത്തു വയ്ക്കുന്നു അല്ലെങ്കില്‍ ഒരു പ്രത്യേക ആംഗിള്‍ തെരഞ്ഞെടുക്കുന്നു എന്നതിലൊക്കെ പൊളിറ്റിക്‌സുണ്ട്. അത്തരം ചോയ്‌സുകള്‍ക്കൊപ്പമുള്ള ചില നിയന്ത്രണങ്ങള്‍ പരിമിതിയായി കാണുന്നില്ല.
എഴുതി സംവിധാനം ചെയ്യുന്നതിനെക്കുറിച്ച്...
വലിയ സംവിധായകരായ മാര്‍ട്ടിന്‍ സ്‌കോര്‍സീസ്, സ്പീല്‍ബര്‍ഗ് എന്നിവരൊന്നും സ്‌ക്രിപ്റ്റ് എഴുതുന്നില്ല. റൈറ്റിംഗ് വേറൊരു ഫാക്കല്‍റ്റിയാണ്. ഇവിടെ തികഞ്ഞ റൈറ്റേഴ്‌സ് ഇല്ല. ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലെ വലിയൊരു പോരായ്മയും അതാണ്. ഞാന്‍ എഴുതിയെങ്കിലേ എനിക്കു ഡയറക്ട് ചെയ്യാനാകൂ എന്നില്ല. എന്‍റെ ജീവിതത്തിലെ ഒരു എപ്പിസോഡ് എടുത്ത് ഒരു സിനിമ മനസിലുണ്ട്. ഒരുപക്ഷേ, അതു ഞാന്‍ എഴുതിയേക്കാം. ഒറ്റയില്‍ ചില ഡയലോഗുകളും മറ്റും ഞാന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഓസ്‌കര്‍ ഇന്‍ഡസ്ട്രിയില്‍ വരുത്തിയ മാറ്റം...?
ഓസ്‌കര്‍ കിട്ടിയ സമയത്ത് മലയാളത്തില്‍ കോമഡി, തട്ടുപൊളിപ്പന്‍ സിനിമകളായിരുന്നു. അതിനുശേഷം പഴശിരാജ, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ട്രാന്‍സ്, മലയന്‍കുഞ്ഞ് എന്നിങ്ങനെ സൗണ്ടിനെ ആധാരമാക്കി സിനിമ ചെയ്യാനാവും എന്ന ലെവലിലേക്കു പുതുതലമുറ എത്തി. ഓസ്‌കര്‍ സ്വീകരിച്ച് മുംബൈയിൽ വന്നപ്പോൾ അടുത്ത 10 വര്‍ഷം ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലമായിരിക്കുമെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ വിവിധ ഭാഷാസിനിമകള്‍ ശ്രദ്ധിച്ചാല്‍ അതു ബോധ്യമാകും.
സൗണ്ട് ഡിസൈൻ ചെയ്ത 'ആടുജീവിത'ത്തെക്കുറിച്ച്...
ഏറെ ചലഞ്ചിംഗായ സിനിമയാണ്. ബ്ലെസി അതു വളരെ മനോഹരമായി ഷൂട്ട് ചെയ്തു. മലയാളത്തില്‍ നിന്നിറങ്ങുന്ന ഒരു കവിതയാണത്. മറ്റു രാജ്യങ്ങളിലെ സിനിമകള്‍ കാണുമ്പോള്‍ നമുക്ക് ഇങ്ങനെയൊന്ന് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്നു തോന്നിയിട്ടില്ലേ. അത്തരം ചിത്രമാണ് ആടുജീവിതം.
ഇനി സംവിധാനം ചെയ്യുന്ന സിനിമകള്‍...
കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തെ മുന്‍നിര്‍ത്തിയുള്ള, ഏറെ പ്രചോദിപ്പിക്കുന്ന ഒരു സിനിമ പ്ലാനുണ്ട്. ഞാനും ഒറ്റയുടെ പ്രൊഡ്യൂസിംഗ് പാര്‍ട്ണര്‍ കുമാര്‍ ഭാസ്‌കറും ചേര്‍ന്നാണ് കഥയെഴുതിയത്. ഒരു ഹിന്ദി സിനിമയുമുണ്ട്.
മമ്മൂട്ടിയെ നായകനാക്കി സിനിമ എപ്പോള്‍...?
വളരെ പണ്ട്, ആനന്ദിന്‍റെ ഗോവര്‍ധന്‍റെ യാത്രകള്‍ സിനിമയാക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിപ്പോഴും മനസിലുണ്ട്. അദ്ദേഹവും ഞാനും വളരെ തിരക്കുകളിലാണ്. ഒരുമിച്ച് എത്താനാകുന്ന ഒരു വഴിയുണ്ടാവും. അവിടെവച്ച് പിന്നെയും യാത്ര തുടരും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ