സിനിമയിലെ കോടി ക്ലബ്ബുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‍ത് നടി മല്ലിക സുകുമാരൻ

സിനിമയിലെ കോടി ക്ലബ്ബുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍. പുറത്തെത്തുന്ന കണക്കുകള്‍ പലപ്പോഴും അവിശ്വസനീയമാണെന്നും അതിശയോക്തി കലര്‍ന്നതാണെന്നും അവര്‍ പറഞ്ഞു. മുന്‍പ് സിനിമകള്‍ ഓടിയ ദിവസം നോക്കിയാണ് വിജയമോ പരാജയമോ എന്ന് നിശ്ചയിച്ചിരുന്നതെങ്കില്‍ ഇന്ന് എത്ര കോടി ക്ലബ്ബില്‍ കയറി എന്നതാണ് ജയപരാജയങ്ങളുടെ മാനദണ്ഡമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മല്ലിക സുകുമാരന്‍റെ പ്രതികരണം. താന്‍ അഭിനയിച്ച പ്രകമ്പനം എന്ന സിനിമയുടെ സക്സസ് പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മല്ലിക സുകുമാരന്‍ പറയുന്നു 

“അത് എനിക്ക് നിങ്ങൾ ഒന്ന് പറഞ്ഞു തരണം. ചില പടങ്ങള്‍ ഇറങ്ങിയിട്ട് 24 മണിക്കൂറിനുള്ളില്‍ 28 കോടി വന്നു എന്നൊക്കെ പറഞ്ഞാല്‍ അത് എങ്ങനെ വരും എന്നതിനെപ്പറ്റി എനിക്ക് ഒരു പിടിയുമില്ല. സത്യം പറയുകയാണ്. എമ്പുരാനേക്കാള്‍ ആ പടം കളക്റ്റ് ചെയ്തു എന്നൊക്കെ കേള്‍ക്കാം. ഇതിന്റെയൊക്കെ കൃത്യ കണക്കുകൾ കിട്ടും. സത്യസന്ധമായിട്ടുള്ള തുകയൊക്കെ സിനിമയുമായിട്ട് ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് അറിയാന്‍ വല്ല പാടുമുണ്ടോ. ഇന്ന് മൂന്ന് ഷോ കഴിയുമ്പോൾ ഇതാണ് ഇക്കൊല്ലത്തെ ഹിറ്റ്, 43.72 കോടി വന്നു എന്നൊക്കെ പറയുമ്പോള്‍ എന്ത് ചെയ്യാൻ പറ്റും. ഭാഗ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് ഒഴിയുന്നതാണ് അപ്പോള്‍ നമുക്ക് മാന്യത. അതൊക്കെ വെറുതെയാണ്. ഒരു പടം ഇത്ര ദിവസം ഓടിയാൽ, ഇത്ര തിയേറ്ററുകളിൽ ഓടിയാൽ കിട്ടുന്ന പൈസ, അതില്‍ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍, തിയറ്റര്‍ ഷെയര്‍ ഒക്കെയുണ്ട്. പണ്ട് രണ്ട് സിനിമ സുകുവേട്ടന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അത് പറഞ്ഞാൽ നല്ല രസമാണ്. സുകുവേട്ടന്‍റെ നാട്ടില്‍, എടപ്പാളിലെ ഒരു തിയറ്ററില്‍ നിന്ന് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍, പ്രൊഡ്യൂസര്‍ ഷെയര്‍, പിന്നെ സര്‍ക്കാരിന് പോകുന്ന ടാക്സ്. മൂന്നും മൂന്ന് തരത്തിലായിരുന്നു എഴുതിയിരുന്നത്. അദ്ദേഹം കുറച്ച് നിയമം പഠിച്ചിട്ടുണ്ട്, വിടുമോ. അവസാനം സുകുവേട്ടന്‍ പറഞ്ഞിടത്ത് വിജയിച്ചു.”

“ഇതിനകത്തൊക്കെ ഒരുപാട് അഡ്ജസ്റ്റ്മെന്‍റ്സും കാര്യങ്ങളുമൊക്കെ ഉണ്ടാവും. 1000 കോടി കിട്ടിയാൽ നല്ല കാര്യം. ഭഗവാനെ നന്നായിരിക്കട്ടെ. പക്ഷേ 24 മണിക്കൂർ ആകുന്നതിനു മുന്‍പേ 48 കോടി കിട്ടി എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ ചുമ്മാതാണ്. അങ്ങനെയൊക്കെ കിട്ടണമെങ്കിൽ ഈ ലോകം മുഴുവൻ ഈ പടം വരുമ്പോൾ നാല് ഷോ വച്ച് കളിക്കണം, മറ്റെല്ലാം മാറ്റിവച്ചിട്ട്. അതൊക്കെ നടക്കുന്ന കാര്യമാണോ? അപ്പോ കുറേക്കാലം ഓടണം. ചുമ്മാ ഓടിയാൽ പോര, നല്ല ഹൗസ്ഫുൾ ആയിട്ട് ഓടണം. ആൾക്കാര്‍ കയറണം. ഇപ്പൊ പിന്നെ വിദേശത്തും കൂടെ റിലീസ് ഉള്ളതുകൊണ്ട് തിയറ്ററുകളുടെ എണ്ണം 600, 700 ആയിട്ട് കൂടി. അവിടെയൊക്കെ അത് നന്നായിട്ട് പോവുകയാണെങ്കിൽ ശരിയായിരിക്കും. പക്ഷേ എന്നാലും ഈ കോടികളുടെ കണക്കിൽ കുറച്ച് അതിശയോക്തി ഉണ്ട്. അതില്‍ യാതൊരു സംശയവുമില്ല”, മല്ലിക സുകുമാരന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming