
തമിഴ് സിനിമയില്‍ സമീപകാലത്ത് തുടര്‍ പരാജയങ്ങളുടെ രുചി ഏറ്റവും കൂടുതല്‍ അറിഞ്ഞ താരം സൂര്യ ആയിരിക്കും. ഏറെക്കാലമായി തിയറ്റര്‍ വിജയങ്ങള്‍ ഇല്ലാതിരുന്ന സൂര്യ സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് ചിത്രങ്ങളായിരുന്നു കങ്കുവയും റെട്രോയും. കങ്കുവ അമ്പേ തകര്‍ന്നെങ്കില്‍ കാര്‍ത്തിക് സുബ്ബരാജ് ചിത്രം റെട്രോയ്ക്കും പ്രേക്ഷകപ്രീതി നേടാനായില്ല. ഇപ്പോഴിതാ റെട്രോയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. വരുന്ന ശനിയാഴ്ച, അതായത് മെയ് 31 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നെറ്റ്ഫ്ലിക്സ് ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും പ്ലാറ്റ്‍ഫോമില്‍ റെട്രോ എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ വിവരം ലഭ്യമാവുന്നുണ്ട്. അതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പ്രചരിക്കുന്നുമുണ്ട്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 235 കോടി നേടിയതായി ഈ മാസം 18 ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമായ കണക്കാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ട്രാക്കര്‍മാരുടെ കണക്ക് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 97.24 കോടി മാത്രമാണ്. എന്നാല്‍ ആദ്യ ആറ് ദിനങ്ങള്‍ കൊണ്ടു തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ഗ്രോസ് നേടിയതായി ആയിരുന്നു നിര്‍മ്മാതാക്കളുടെ അവകാശവാദം.
കാര്‍ത്തിക് സുബ്ബരാജ് രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം മെയ് 1 നാണ് തിയറ്ററുകളില്‍ എത്തിയത്. റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കങ്കുവയുടെ വലിയ പരാജയത്തിന് പിന്നാലെ എത്തുന്ന ചിത്രമായതിനാല്‍ സൂര്യയ്ക്ക് ഒരു വിജയം അത്യാവശ്യമായിരുന്നു. ജിഗര്‍തണ്ട ഡബിള്‍ എക്സിന്‍റെ വിജയത്തിന് ശേഷം എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം കൂടി ആയതിനാല്‍ സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. സൂര്യയുടെ കരിയറിലെ 44-ാം ചിത്രമാണിത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒടിടിയിലെത്തുമ്പോള്‍ ചിത്രത്തിനുള്ള അഭിപ്രായം മാറുമോ എന്നതാണ് അണിയറക്കാര്‍ക്ക് മുന്നിലുള്ള കൗതുകം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക