ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് നിരവധി മലയാള സിനിമകൾ ഒടിടി റിലീസിന് 

സിനിമകളുടെ തിയറ്റര്‍ റിലീസ് പോലെ തന്നെ ഇന്ന് ഒടിടി റിലീസുകള്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. തിയറ്റര്‍ റിലീസ് പോലെ തന്നെ ഫെസ്റ്റിവല്‍ സീസണുകളില്‍ ഒടിടിയിലും ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുമിച്ച് എത്താറുണ്ട്. ഇപ്പോഴിതാ ക്രിസ്മസ്- പുതുവത്സര സീസണ്‍ മുന്നില്‍ക്കണ്ട് നിരവധി ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പ്രേക്ഷകരെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലും പല ചിത്രങ്ങളും ഒടിടിയില്‍ എത്തിയിട്ടുണ്ട്, ഇനി എത്താനിരിക്കുന്നുമുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

അൽത്താഫ് സലിം, അനാർക്കലി മരക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് തൻവി സംവിധാനം ചെയ്ത ഇന്നസെന്‍റ് സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കും. മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായ എക്കോ ഈ മാസം 31 ന് എത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്. റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ ആണ് മറ്റൊരു ചിത്രം. നവംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. സണ്‍ നെക്സ്റ്റിലൂടെ ജനുവരി 31 നാണ് റിലീസ്.

മമ്മൂട്ടി പ്രതിനായകനായെത്തിയ കളങ്കാവലിന്‍റെ ഒടിടി റിലീസ് അല്‍പം മുന്‍പാണ് പ്രഖ്യാപിച്ചത്. സോണി ലിവിലൂടെ ഈ മാസം ചിത്രം സ്ട്രീമിംഗിന് എത്തും. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജിന്‍റെ ജയന്‍ നമ്പ്യാര്‍ ചിത്രം വിലായത്ത് ബുദ്ധയും ഷെയ്ന്‍ നിഗത്തിന്‍റെ ബള്‍ട്ടിയും വൈകാതെ പ്രതീക്ഷിക്കപ്പെടുന്ന ഒടിടി റിലീസുകളാണ്. വിലായത്ത് ബുദ്ധ ജിയോ ഹോട്ട്സ്റ്റാറിലൂടെയും ബള്‍ട്ടി ആമസോണ്‍ പ്രൈമിലൂടെയും എത്തുമെന്നാണ് പ്രതീക്ഷ. വിലായത്ത് ബുദ്ധ ജനുവരിയില്‍ത്തന്നെ എത്തിയേക്കും. അതേസമയം റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച പാരഡൈസ്, ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉള്ളൊഴുക്ക് എന്നിവ ഒടിടിയില്‍ ഇതിനകം തന്നെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളും നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming