'സുശാന്തിനെ സമ്മര്‍ദ്ദപ്പെടുത്തിയത് എന്തെന്നറിയണം'; അമിത് ഷായോട് സിബിഐ അന്വേഷണം അഭ്യര്‍ഥിച്ച് റിയ ചക്രബര്‍ത്തി

By Web TeamFirst Published Jul 16, 2020, 7:04 PM IST
Highlights

സുശാന്തിന്‍റെ മരണശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ചും റിയ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. 

സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്‍റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. സുശാന്തിന്‍റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ അമിത് ഷായെ ടാഗ് ചെയ്‍തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യവും റിയ മുന്നോട്ടുവച്ചിരിക്കുന്നത്.

"ഞാന്‍ സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ഗേള്‍ഫ്രണ്ട് റിയ ചക്രബര്‍ത്തിയാണ്. അദ്ദേഹത്തിന്‍റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഇപ്പോള്‍ ഒരുമാസം പിന്നിടുന്നു. എനിക്ക് സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നിരുന്നാലും നീതിയ്ക്കുവേണ്ടി ഈ വിഷയത്തില്‍ ഒരു സിബിഐ അന്വേഷണം ഉണ്ടാവണമെന്ന് താങ്കളോട് ഞാന്‍ താഴ്‍മയായി അഭ്യര്‍ഥിക്കുന്നു. ഈ വഴി സ്വീകരിക്കാന്‍ സുശാന്തിനെ സമ്മര്‍ദ്ദപ്പെടുത്തിയത് എന്തെന്നറിയണമെന്നേ എനിക്കുള്ളൂ", എന്നാണ് റിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

സുശാന്തിന്‍റെ മരണശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ചും റിയ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. ആത്മഹത്യ ചെയ്യാത്തപക്ഷം റിയയെ ബലാല്‍സംഗം ചെയ്‍ത് കൊലപ്പെടുത്താന്‍ ആളുകളെ അയയ്ക്കുമെന്ന, തനിക്കുലഭിച്ച ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. "സ്വര്‍ണ്ണം ഖനിച്ചെടുക്കുന്നവള്‍ എന്ന് എന്നെ വിളിച്ചു, ഞാന്‍ മിണ്ടാതിരുന്നു. എന്നെ കൊലപാതകിയെന്നും വിളിച്ചു, അപ്പോഴും മിണ്ടാതെയിരുന്നു. ലൈംഗികാധിക്ഷേപം നടത്തിയപ്പോഴും നിശബ്‍ദത പാലിച്ചു. പക്ഷേ എന്‍റെ നിശബ്ദത, എന്നെ ബലാല്‍സംഗം ചെയ്‍ത് കൊന്നുകളയുമെന്ന് നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്താനുള്ള അനുമതിയാവുന്നത് എങ്ങനെയാണ്? നിങ്ങള്‍ പറഞ്ഞതിന്‍റെ ഗൗരവം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? ഇത് കുറ്റകൃത്യങ്ങളുടെ വകുപ്പില്‍ പെടും. ഇത്തരത്തിലുള്ള സൈബര്‍ അതിക്രമത്തിന് ഒരാളും വിധേയമാവരുത്", തനിക്ക് ഭീഷണി വന്ന അക്കൗണ്ട് ടാഗ് ചെയ്‍തുകൊണ്ടായിരുന്നു റിയയുടെ പ്രസ്തുത പോസ്റ്റ്.

ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാരംഗത്തെ കിടമത്സരം ഈ കേസില്‍ നിര്‍ണ്ണായകമാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‍മുഖ് പറഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി മുംബൈ പൊലീസ് റിയ ചക്രബര്‍ത്തിയുടെ മൊഴി ജൂണ്‍ 18നുതന്നെ എടുത്തിരുന്നു. 

click me!