'പെണ്ണിനെന്താ കുഴപ്പം'? ഇത്തവണത്തേത് ശൈലജയുടെ കഠിനാധ്വാനത്തിന് ലഭിച്ച ജനവിധിയെന്ന് റിമ

Published : May 18, 2021, 06:10 PM IST
'പെണ്ണിനെന്താ കുഴപ്പം'? ഇത്തവണത്തേത് ശൈലജയുടെ കഠിനാധ്വാനത്തിന് ലഭിച്ച ജനവിധിയെന്ന് റിമ

Synopsis

മന്ത്രി സ്ഥാനത്തിരിക്കെ നിയമസഭയില്‍ ശൈലജ നടത്തിയ ശ്രദ്ധേയ പ്രസംഗത്തിലെ ഒരു വരി ചോദ്യത്തിലാണ് റിമയുടെ പോസ്റ്റിന്‍റെ തുടക്കം

കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാംപെയ്‍നിന്‍റെ ഭാഗമായി നടി റിമ കല്ലിങ്കല്‍. ഇത്തവണത്തെ ജനവിധി മന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജയുടെ പ്രവര്‍ത്തനത്തിനു ലഭിച്ച അംഗീകാരമായിരുന്നുവെന്നും റിമ ഫേസ്ബുക്കില്‍ കുറിച്ചു. ഈയിടെ അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ ആര്‍ ഗൗരിയമ്മയ്ക്കൊപ്പം കെ കെ ശൈലജ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് റിമയുടെ പോസ്റ്റ്. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും വിജയിച്ചതിനു ശേഷം പദവി നിഷേധിക്കപ്പടുകയും ചെയ്‍ത ഗൗരിയമ്മയ്ക്കൊപ്പമുള്ള ശൈലജയുടെ ചിത്രം പുതിയ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മന്ത്രി സ്ഥാനത്തിരിക്കെ നിയമസഭയില്‍ ശൈലജ നടത്തിയ ശ്രദ്ധേയ പ്രസംഗത്തിലെ ഒരു വരി ചോദ്യത്തിലാണ് റിമയുടെ പോസ്റ്റിന്‍റെ തുടക്കം. "പെണ്ണിനെന്താ കുഴപ്പം? അഞ്ച് വര്‍ഷം നീണ്ട ലോക നിലവാരത്തിലുള്ള സേവനത്തിനും ഒരു റെക്കോര്‍ഡ് വിജയത്തിനും സിപിഎമ്മില്‍ താങ്കള്‍ക്ക് ഇടം നേടിത്തരാന്‍ ആവുന്നില്ലെങ്കില്‍ മറ്റെന്തിനാണ് അതിനു കഴിയുക? ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍, പാര്‍ട്ടിയിലെ ജനകീയ മുഖമായിരുന്നതിനും നിങ്ങളുടെ കഠിനാധ്വാനത്തിനും", റിമ ഫേസ്ബുക്കില്‍ കുറിച്ചു. #bringourteacherback, #BringBackShailajaTeacher എന്നീ ഹാഷ്‍ ടാഗുകളും റിമ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഈ ഹാഷ് ടാഗുകളില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗീതു മോഹന്‍ദാസ്, അഞ്ജലി മേനോന്‍, പാര്‍വ്വതി, വിനീത് ശ്രീനിവാസന്‍, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങള്‍ ക്യാംപെയ്‍നിന്‍റെ ഭാഗമാവുന്നുണ്ട്. 
 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍
"തായേ തായേ"; രാജേഷ് ധ്രുവ - സുകേഷ് ഷെട്ടി ചിത്രം "പീറ്റർ" പുതിയ ഗാനം പുറത്ത്